കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത കത്തീഡ്രല്‍ ബസിലിക്കയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അനിഷ്ട സംഭവങ്ങളില്‍ കുര്‍ബാന മധ്യേയുള്ള പ്രസംഗത്തിനിടെ തേങ്ങിക്കരഞ്ഞ് സിറോ മലബാര്‍ സഭ ഛാന്താ രൂപത ബിഷപ് മാര്‍ എഫ്രേം നരികുളം. വലിയപല്ലംതുരുത്ത് സെന്റ് മേരീസ് പള്ളിയില്‍ നടന്ന ഒരു സിഎംഐ വൈദികന്റെ പൗരോഹിത്യ ശുശ്രൂഷ ചടങ്ങിനിടെയാണ് സംഭവം.

കുര്‍ബാന മധ്യേ വായിച്ച നല്ല ഇടയന്റെ ഉപമയുടെ സുവിശേഷത്തെ അടിസ്ഥാനമാക്കി തുടങ്ങിയ പ്രസംഗത്തിനിടെയാണ് അദ്ദേഹം അനിഷ്ട സംഭവങ്ങളില്‍ തന്റെ ദുഃഖം അറിയിച്ചത്. തന്റെ ഹൃദയത്തിന്റെ കോണുകളില്‍ അല്പം ദുഃഖം തളം കെട്ടിക്കിടക്കുന്നു… തുടര്‍ന്ന് ശബ്ദമിടറി കുറച്ചുസമയം സംസാരിക്കാനാവാതെ നിന്ന അദ്ദേഹം തുടരുകയാണ്. ഈ കഴിഞ്ഞ ദിവസങ്ങളില്‍ നമ്മുടെ അതിരൂപതയില്‍ നടന്ന ചില സംഭവങ്ങള്‍ എന്റെ മനസ്സിനെ വേദനിപ്പിക്കുന്നു. ഈ തിരുപ്പട്ട ദാന ശുശ്രൂഷയില്‍ വചനം പ്രഘോഷിക്കണമോ എന്ന് പ്രൊവിന്‍ഷ്യാള്‍ അച്ചനോട് ചോദിക്കുകയുണ്ടായി. എന്ത് ധൈര്യത്തോടെയാണ് എനിക്ക് വചനം പ്രഘോഷിക്കാന്‍ സാധിക്കുക. 23,24 തീയതികളില്‍ എറണാകുളം ബസിലിക്കയില്‍ നടന്ന സംഭവങ്ങള്‍ ഏതൊരു വിശ്വാസിയേയും വേദനിപ്പിക്കുന്നതാണ്. മിശിഹായുടെ തിരുശരീരത്തോടും തിരുരക്തത്തോടും അപമര്യാദമയായിട്ട് ദൈവദോഷമായിട്ട് പ്രവര്‍ത്തിക്കുക, പരിശുദ്ധമായ ബലിപീഠത്തെ തള്ളിയിടാന്‍ പരിശ്രമിക്കുക. ഓര്‍ക്കണം, അത് വിശുദ്ധ ജോണ്‍പോള്‍ മാര്‍പാപ്പ ബലിയര്‍പ്പിച്ച ബലിപീഠമാണെന്നത്. വളരെ വേദനാജനകമായ സാഹചര്യത്തിലാണ് നാമിന്ന് ആയിരിക്കുക. ഹൃദയത്തെ ഒത്തിരി കുത്തിമുറിവേല്‍പ്പിക്കുന്ന അനുഭവങ്ങളായിരുന്നു സോഷ്യല്‍ മീഡിയയിലുടെ പത്രമാധ്യമത്തിലൂടെയും ആ കാഴ്ച കാണാന്‍ ഇടവന്നത്.

അന്ന് നടന്നത് ഏറ്റവും ഹീനമായിരുന്നു. അതില്‍ അപലപിക്കുന്നതില്‍ രണ്ട് അഭിപ്രായം ആര്‍ക്കുമുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. പരമ കാരുണികനായ കര്‍ത്താവിന്റെ അനുകമ്പയിലും സ്‌നേഹത്തിലും ഞാന്‍ പൂര്‍ണ്ണമായൂം വിശ്വാസിക്കുകയാണ്. അന്ന് അത് ചെയ്തവര്‍ക്ക് ദൈവം മാപ്പ് നല്‍കുമെന്നതില്‍ എനിക്ക് പൂര്‍ണ്ണമായും ഉറപ്പുണ്ട്. അത്രമാത്രം കരുണയുള്ള ദൈവത്തിലാണ് നാമൊക്കെ വിശ്വസിക്കുന്നത്. അവര്‍ക്ക് മാപ്പ് ലഭിക്കട്ടെയെന്നാണ് നമ്മുടെയൊക്കെ പ്രാര്‍ത്ഥന. പക്ഷേയെങ്കിലും അത്തരം സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സത്വര നടപടികള്‍ സഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകണം.

ഇത്തരം സംഭവങ്ങളെ ഈ ശുഭ മുഹൂര്‍ത്തത്തിലാണെങ്കിലും അയവിറക്കാതെ പോകുന്നത് ഞാന്‍ ചെയ്യുന്ന കൃത്യവിലോപമായിരിക്കും എന്ന ചിന്ത തന്റെ മനസ്സിനെ അലട്ടുന്നു. സഭയുടെ സമാധാനവും ഐക്യവും ഉണ്ടാകുവാനായിട്ട് നമ്മുക്ക് പ്രാര്‍ത്ഥിക്കാം. വിട്ടുവീഴ്ച മനോഭാവങ്ങളും വൈവിധ്യത്തിന്റെ മനോഭാവവും എല്ലാവര്‍ക്കും സ്വായത്തമാക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ സഭയില്‍ സമാധാനമുണ്ടാവൂ… അദ്ദേഹം പറഞ്ഞ് നിര്‍ത്തുന്നു.

ബസിലിക്ക സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തുന്ന രണ്ടാമത്തെ മെത്രാനാണ് മാര്‍ നരികുളം. കഴിഞ്ഞ ദിവസം ക്രിസ്മസ് പാതിരകുര്‍ബാന മധ്യേ മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പെരുന്നേടം, സഭാ നേതൃത്വത്തിന്റെ വീഴ്ചയാണ് ഇതിനെല്ലാം കാരണമെന്നും അതില്‍ താന്‍ വിശ്വാസികളോട് മാപ്പ് ചോദിക്കുന്നുവെന്നും പറഞ്ഞിരുന്നു. ബസിലിക്ക വികാരി ഫാ. ആന്റണി നരികുളത്തിന്റെ സഹോദരന്‍ കൂടിയാണ് മാര്‍ എഫ്രേം നരികുളം.

എറണാകുളം അങ്കമാലി അതിരൂപതയുടെ കാര്യത്തില്‍ സഭാ നേതൃത്വത്തിന്റെ നിലപാടില്‍ വിയോജിപ്പ് അറിയിച്ച് കഴിഞ്ഞയാഴ്ചകളിലും ഏതാനും ബിഷപ്പുമാര്‍ കത്ത് അയച്ചിരുന്നു. നവംബര്‍ 27ന് ബസിലിക്കയില്‍ കുര്‍ബാന ചൊല്ലാന്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് എത്തിയതും അതിനെ വിശ്വാസികള്‍ തടഞ്ഞതും കാണിച്ച് ഒമ്പത് മെത്രാന്മാരാണ് കത്തയച്ചത്. സഭയില്‍ അനുരഞ്ജന ചര്‍ച്ച നടക്കുന്നതിനിടെയായിരുന്നു മാര്‍ താഴത്തിന്റെ വരവ്. ഒപ്പം, സുപ്രീം കോടതി മുന്‍ ജഡ്ജി കുര്യന്‍ ജോസഫ് ഈ പോക്ക് അപകടത്തിലാണെന്നും പരിഹാരമുണ്ടാകണമെന്നും മെത്രാന്മാരോട് അഭ്യര്‍ത്ഥിക്കുന്ന ശബ്ദരേഖ വന്നിരുന്നു. ജസ്റ്റീസ് കുര്യന്‍ ജോസഫിനെ പിന്തുണച്ച് തൃശൂര്‍ മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴിയും രംഗത്തെത്തിയിരുന്നു.

എന്നാല്‍ മാര്‍ തൂങ്കുഴിയുടെ പേരിലുള്ളത് വ്യാജ സന്ദേശമാണെന്ന് എതിര്‍വിഭാഗം അദ്ദേഹത്തിന്റെ പേരില്‍ തന്നെ വ്യാജ പ്രസ്താവന ഇറക്കി. ഇതോടെ ജസ്റ്റീസ് കുര്യന്‍ ജോസഫിനെ താന്‍ പിന്തുണയ്ക്കുവെന്ന് കാണിച്ച് മാര്‍ തൂങ്കുഴി ഔദ്യോഗിക ലെറ്റര്‍പാഡില്‍ വിശദീകരണവും ഇറക്കിയിരുന്നു.