കൊച്ചി: ഡിസംബര്‍ 23, 24 തീയതികളില്‍ എറണാകുളം സെന്‍റ് മേരീസ് കത്തീദ്രല്‍ ബസിലിക്കയില്‍ ഏകീകൃത കുര്‍ബാന അനുകൂലികള്‍ നടത്തിയ അക്രമത്തെ വെള്ളപൂശിയും ജനാഭിമുഖ കുര്‍ബാന ചൊല്ലി ബലിപീഠത്തെയും അള്‍ത്താരയേയും സംരക്ഷിക്കാനും ശ്രമിച്ച വൈദികരെ കുറ്റപ്പെടുത്തിയും മൗണ്ട് സെന്‍റ് തോമസ്സില്‍ നിന്നും ഇറക്കിയ പത്രക്കുറിപ്പ് ശുദ്ധ അസംബന്ധമാണെന്ന് അതിരൂപത സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ പറഞ്ഞു.

ബസിലിക്ക ഇടവക വികാരിയുടെ ഉപദേശത്തെ മറികടന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സിനഡുകുര്‍ബാന അര്‍പ്പിക്കാനെത്തിയതിനെ തുടര്‍ന്ന് അടച്ചു പൂട്ടപ്പെട്ട ബസിലിക്ക ദേവാലയം തുറന്നു കിട്ടിയ ഡിസംബര്‍ 20 -ാം തീയതി മുതല്‍ വൈദികരും അത്മായരും ചേര്‍ന്ന് ബസിലിക്കയില്‍ വി.കുര്‍ബാനയര്‍പ്പണവും കുമ്പസാരവും മറ്റു പ്രാര്‍ത്ഥനാ ശുശ്രൂഷകളും സമാധാനപൂര്‍വ്വം അര്‍പ്പിച്ചു വരികയായിരുന്നു. ഇതിന്‍റെ ഭാഗമായി 23-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് അതിരൂപതയിലെ മൂന്നു വൈദികര്‍ ജനാഭിമുഖ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ബസിലിക്കയിലെ അഡ്മിനിസ്ര്ടേറ്റര്‍ ഫാ. ആന്‍റണി പൂതവേലിലും അദ്ദേഹത്തിനെ അനുകൂലിക്കുന്നവരും പള്ളിയിലെത്തിയത്.

തിരുവസ്ത്രങ്ങള്‍ ധരിച്ച് അള്‍ത്താരയില്‍ പ്രവേശിച്ച്, അപ്പോള്‍ അര്‍പ്പിച്ചുകൊണ്ടിരുന്ന കുര്‍ബാനയെ തടസ്സപ്പെടുത്തി അള്‍ത്താര മുമ്പില്‍ നിലയുറപ്പിക്കുകയൊയിരുന്നു അദ്ദേഹം. വൈദികര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണം തുടര്‍ന്നപ്പോള്‍ അള്‍ത്താരയില്‍ നിന്നും ഇറങ്ങിയ അദ്ദേഹം തന്നെ പിന്തുണയ്ക്കുന്നവരെ അള്‍ത്താരയിലേക്ക് കയറ്റിവിട്ടു. അസഭ്യവര്‍ഷവുമായി അവര്‍ പള്ളിയില്‍ നിലയുറപ്പിച്ചു. ഈ സാഹചര്യത്തില്‍ പരിശുദ്ധമായ അള്‍ത്താരയേയും ബലിപീഠത്തെയും സംരക്ഷിക്കുന്നതിനും അന്തരീക്ഷം ശാന്തമാക്കുന്നതിനുമാണ് വൈദികര്‍ മാറി മാറി കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരുന്നത്.

വിവരങ്ങളറിഞ്ഞ് ബസിലിക്കയിലേക്ക് ധാരാളം വൈദികരും ജനാഭിമുഖ കുര്‍ബാനയെ സ്നേഹിക്കുന്ന 200 ലേറെ അല്മായരും വന്നെത്തി. അന്തരീക്ഷം മോശമാകുമെന്നും അള്‍ത്താരയിലും ദേവാലയത്തിലും സംഘര്‍ഷം ഉണ്ടാകുമെന്നും മനസ്സിലാക്കിയ വൈദികര്‍ മാറി മാറിയുള്ള കുര്‍ബാന അര്‍പ്പണം തുടര്‍ന്നു. ധാരാളം ജനങ്ങളും ശാന്തമായി കുര്‍ബാനയില്‍ പങ്കുകൊണ്ടു. അതേ സമയം പൂതവേലിയച്ചനെ പിന്തുണയ്ക്കുന്ന ഏതാനും പേര്‍ സ്ര്തീകളടക്കം പൊലീസ് നോക്കിനില്‍ക്കേ ബലിപീഠത്തില്‍ കയറി തിരവോസ്തിയും തിരുരക്തവും തട്ടിമറിക്കുകയും വൈദികരെ അസഭ്യം പറയുകയും ചെയ്തു.

കുര്‍ബാനയ്ക്കുള്ള അപ്പവും വീഞ്ഞും ബസിലിക്കയിലെ സങ്കീര്‍ത്തിയില്‍ നിന്നും എടുക്കുവാന്‍ അനുവദിച്ചില്ലെങ്കിലും വൈദികര്‍ അപ്പവും വീഞ്ഞും അവരുടെ കൈയില്‍ തന്നെ കരുതിയിരുന്നു. ഓരോ കുര്‍ബാനയും അതിന്‍റെ മുഴുവന്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലിയും അനുഷ്ഠാനങ്ങള്‍ പൂര്‍ത്തിയാക്കിയുമാണ് കുര്‍ബാനകള്‍ അര്‍പ്പിച്ചത്. വി. കുര്‍ബാനയുടെ സാധുതക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും കൃത്യമായി പാലിച്ച് വൈദികര്‍ മാറി മാറി മുഖ്യകാര്‍മികത്വം വഹിച്ചു. ആ കുര്‍ബാന അര്‍പ്പണം ഒരിക്കലും പ്രതികാര നടപടിയായിട്ടല്ല, മറിച്ച് കുര്‍ബാന അര്‍പ്പിക്കുന്ന സമയത്തെങ്കിലും വിശ്വാസികളായ മനുഷ്യര്‍ ശാന്തരായിരിക്കുമെന്നും സംഘര്‍ഷം ഒഴിവാക്കുമെന്നുമുള്ള ബോധ്യത്തിലുമായിരുന്നു. സിനസനുകൂലികള്‍ കുര്‍ബാന മധ്യേ പരിശുദ്ധ ബലിപീഠം തള്ളി മാറ്റിയപ്പോളും തിരുശരീരവും തിരുരക്തവും മലിനമാക്കപ്പെടാതെ വൈദികര്‍ സംരക്ഷിച്ചു. ഏകീകൃത കുര്‍ബാന തന്നെ കാനോനിക നിയമങ്ങളും നടപടി ക്രമങ്ങളും ലംഘിച്ച് എടുത്ത തീരുമാനം ആയതിനാല്‍ അതിന്‍റെ ഉത്ഭവത്തില്‍ തന്നെ നൈയാമികമല്ല.

ഇന്ന് മുതൽ എറണാകുളം അതിരൂപതയിലെ 16 ഫൊറോനകളുടെ നേതൃത്വത്തിൽ പോലീസിന്റെ പക്ഷപാതപരമായ നിലപാടിനെതിരെ, സർക്കാരിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് വിശ്വാസികൾ പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് ചേർത്തല ഫൊറോനയുടെ നേതൃത്വത്തിൽ ചേർത്തലയിൽ പ്രതിഷേധമാർച്ച്‌ വൈകീട്ട് 5മണിക്ക് നടന്നു. ചേർത്തല ഫൊറോനയുടെ കീഴിൽ ഉള്ള വിവിധ പള്ളികളിൽ നിന്ന് ആയിരങ്ങൾ റാലിയിൽ പങ്കെടുത്തു. അടുത്ത ദിവസങ്ങളിൽ മറ്റു ഫൊറോനകളിൽ പ്രതിഷേധ റാലിൾ സംഘടിപ്പിക്കുമെന്ന് എന്ന് അല്മായ മുന്നേറ്റം കൺവീനർ ജെമി അഗസ്റ്റിൻ, വക്താവ് റിജു കാഞ്ഞൂക്കാരൻ എന്നിവർ അറിയിച്ചു.