മോസ്കോ:റഷ്യൻ നാവികസേനയിലേക്ക് പുതിയ ഹൈപ്പർ സോണിക് സിർക്കോൺ ക്രൂയിസ് മിസൈലുകൾ ജനുവരിയിൽ എത്തുമെന്നും ഈ മിസൈലുകൾക്ക് തത്തുല്യമായവ ലോകത്ത് വേറെയെവിടെയും ഇല്ലെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുട്ടിൻ.

ജനുവരി മുതൽ മിസൈൽ സജ്ജീകരിക്കും. അതിനിടെ ലക്ഷ്യ സ്ഥാനം കണ്ടെത്താൻ ജിപി.എസ് കോർഡിനേറ്റുകൾ ഉപയോഗിക്കുന്ന സാധാരണ ബോംബുകളെ സ്മാർട്ട് ബോംബുകളാക്കി മാറ്രുന്ന പ്രിസിഷൻ ബോബ് കിറ്റുകൾ യു.എസ് യുക്രെയിന് നല്കുമെന്ന റിപ്പോർട്ടുകളും പുറത്തു വന്നു. ജോയിന്റ് ഡയറക്ട് അറ്റാക്ക് മ്യൂണിയൻസ് എന്നറിയപ്പെടുന്ന ഈ ബോംബുകൾ വഴി റഷ്യൻ പ്രതിരോധ നിരകളോ വലിയ ലക്ഷ്യങ്ങളോ ആക്രമിക്കാൻ യുക്രെയിന് കഴിയും.

യു.എസ് എയർഫോഴ്സിന്റെയും നാവിക സേനയുടെയും സംയുക്ത പരിപാടിയാണ് ഇത്. സ്വയം നിയുക്ത ടാർഗറ്റ് കോർഡിനേറ്റുകളിലേക്ക് ഇവ നാവിഗേറ്റ് ചെയ്യും. റഷ്യൻ വ്യോമാക്രമണത്തിൽ നിന്ന് നഗരങ്ങൾക്ക് സുരക്ഷയൊരുക്കാൻ അത്യാധുനിക സൗകര്യങ്ങൾ യു.എസ് നല്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മുമ്പ് യുക്രെയിനായി യു.എസ് ആയുധ സഹായം നല്കിയിരുന്നു. ഇതുവരെ 19.3 ബില്യൺ ഡോളറിലധികം സുരക്ഷാ സഹായം യു.എസ് നല്കി.