വാഷിംഗ്ടൺ: ഈ ജോലി ഏറ്റെടുക്കാൻ മാത്രം വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാലുടൻ ട്വിറ്ററിന്റെ സി.ഇ.ഒ സ്ഥാനം രാജി വയ്ക്കുമെന്നും അതിനു ശേഷം സോഫ്റ്റ്‌വെയർ,​ സെർവർ സംഘങ്ങളെ നയിക്കുമെന്നും ഇലോൺ മസ്‌ക്. സി.ഇ.ഒ സ്ഥാനത്തു തുടരണോ വേണ്ടയോ എന്നറിയാൻ മസ്‌ക് നടത്തിയ വോട്ടെടുപ്പിൽ കൂടുതൽ പേരും മസ്‌ക് രാജി വയ്ക്കണമെന്ന് അഭിപ്രായപ്പെട്ടതിനു ശേഷമാണ് മസ്കിന്റെ പ്രതികരണം. ഞായറാഴ്ച നടന്ന വോട്ടെടുപ്പിന്റെ ഫലം അനുസരിച്ച് പ്രവർത്തിക്കുമെന്ന് മസ്ക് പറഞ്ഞിരുന്നു. 1.75 കോടി ആൾക്കാ‌ർ പങ്കെടുത്ത വോട്ടെടുപ്പിൽ 57.5 ശതമാനം പേരും മസ്ക് രാജി വയ്ക്കണമെന്നാണ് അഭിപ്രായപ്പെട്ടത്. 42.5 ശതമാനം പേർ സ്ഥാനത്ത് തുടരണമെന്നും അഭിപ്രായപ്പെട്ടു.

ഒക്ടോബറിലാണ് മസ്ക് ട്വിറ്റർ ഏറ്റെടുത്തത്. ട്വിറ്ററിലുള്ള മസ്കിന്റെ അമിതമായ ഇടപെടലിൽ ടെസ്‌ല നിക്ഷേപകർ ആശങ്ക രേഖപ്പെടുത്തിയതിനു പിന്നാലെ ട്വിറ്റർ താത്കാലികമായാണ് നയിക്കുന്നതെന്ന് മസ്ക് ഉറപ്പ് നല്കിയിരുന്നു. ട്വിറ്റർ സി.ഇ.ഒയെ അന്വേഷിക്കുമെന്ന് വ്യക്തമാക്കിയ മസ്ക് തന്നെ യഥാർത്ഥത്തിൽ ട്വിറ്റർ സജീവമായി നിലനിറുത്താൻ കഴിയുന്ന ജോലി ആർക്കും ആവശ്യമില്ല എന്നും ഞായറാഴ്ച പ്രതികരിച്ചിരുന്നു.

4400 ഡോളറിന് ട്വിറ്റർ ഏറ്രെടുക്കാൻ മസ്ക് തീരുമാനിച്ചതു മുതൽ പല വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. സി.ഇ.ഒ സ്ഥാനം ഏറ്രെടുത്തതു മുതൽ മസ്ക് നടപ്പാക്കിയ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടൽ ഉൾപ്പെടെയുള്ള പല നടപടികളും വിവാദമായിരുന്നു.