ന്യൂഡൽഹി: രാജ്യത്ത് വർദ്ധിച്ചുവരുന്ന കോവിഡ് ആശങ്കകൾ പരിഹരിക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. വിദേശത്ത് നിന്നും രാജ്യത്ത് എത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ റാൻഡം പരിശോധന തുടങ്ങിയതായി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. 

ചൈനയിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് ആഗോള കോവിഡ് സാഹചര്യം സർക്കാർ നിരീക്ഷിക്കുകയാണെന്നും പാർലമെന്റിനെ അഭിസംബോധന ചെയ്ത് മന്ത്രി അറിയിച്ചു. റാൻഡം സാമ്പിളിംഗിന് പുറമെ കോവിഡിന്റെ പുതിയ വകഭേദങ്ങൾ തിരിച്ചറിയാൻ ജീനോം സീക്വൻസിങ് വർദ്ധിപ്പിക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

മാസ്‌കും സാനിറ്റൈസറും നിർബന്ധമാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും ജാഗ്രത മതി ആശങ്ക വേണ്ടെന്നും മൻസൂഖ് മാണ്ഡവ്യ അറിയിച്ചു.

കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ ആരോഗ്യ വകുപ്പ് വളരെ സജീവമാണ്. പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് ധനസഹായം നൽകിയിട്ടുണ്ട്. ഇതുവരെ 220 കോടി രൂപയുടെ വാക്‌സിൻ ഷോട്ടുകൾ നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.