തിരുവനന്തപുരം: ഒരു വലിയ ഇടവേളയ്ക്ക് ശേഷം ലോകം കോവിഡ് ആശങ്കയുടെ നടുവിലാണ്. തെരുവില്‍ രോഗികള്‍ മരിച്ചുവീഴുന്ന ചൈന ഏറെ ദൂരെയല്ലെന്ന ജാഗ്രതാ നിര്‍ദ്ദേശം കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കി കഴിഞ്ഞു. മാസക് നിര്‍ബന്ധമാക്കിയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും മഹാമാരിയെ കരുതിയിരിക്കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ കേരളത്തില്‍ നിലവില്‍ ആശങ്ക വേണ്ടെന്നും രോഗികളുടെ എണ്ണത്തില്‍ വര്‍ധനയില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിക്കഴിഞ്ഞു. വീണ്ടുമൊരു കോവിഡ് കാലത്തിന്റെ സൂചനകള്‍ വരുമ്പോള്‍ രോഗബാധിതരായി മരിച്ച സാധുക്കളുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനവും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. വെറും വാഗ്ദാനമായി അവശേഷിച്ച ഈ പദ്ധതി സംബന്ധിച്ച് നടപ്പാക്കേണ്ടവര്‍ക്ക് തന്നെ ധാരണയില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയം.

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള (ബിപിഎല്‍) കുടുംബാംഗം കോവിഡ് ബാധിച്ചു മരിച്ചാല്‍ കുടുംബത്തിന് പ്രതിമാസം 5000 രൂപ നല്‍കുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാനം. അപേക്ഷിച്ച് 30 ദിവസത്തിനുള്ളില്‍ തുക അക്കൗണ്ടിലെത്തുമെന്നും ആര്‍ക്കും ഓഫിസില്‍ കയറിയിറങ്ങേണ്ടി വരില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ഈ പണം കൃത്യമായി മൂന്ന് വര്‍ഷം ലഭിക്കുമെന്നും 2021 ഒക്ടോബര്‍ 13ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.

എന്നാല്‍ പറഞ്ഞതൊക്കെ പാഴ്‌വാക്കായി. ഏറ്റവുമൊടുവില്‍ മൂന്ന് മാസം മുമ്പാണ് 5000 രൂപ അര്‍ഹതപ്പെട്ടവരുടെ അക്കൗണ്ടില്‍ പണമെത്തുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 23.7 ലക്ഷം രൂപ ചിലവഴിച്ച് 474 പേര്‍ക്കാണ് ധനസഹായം ലഭിച്ചത്. ഒരുതവണ ട്രഷറി അക്കൗണ്ടില്‍ നിന്നാണ് പണമെത്തിയത്. ഇരുപതിനായിരത്തിലധികം അപേക്ഷകള്‍ ലഭിച്ചിട്ടും ആറായിരം അപേക്ഷകള്‍ക്ക് പോലും സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടില്ല. എന്നാല്‍ സര്‍ക്കാര്‍ അംഗീകരിച്ച അപേക്ഷകള്‍ ധനവകുപ്പ് ഇതുവരെ പരിഗണിച്ചിട്ടില്ലെന്നതും തിരിച്ചടിയായി. 

ഏറ്റവുമൊടുവില്‍ മൂന്ന് മാസം മുമ്പാണ് കോവിഡ് ധനസഹായം നല്‍കിയിരുന്നതെന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഇന്ത്യാ ടുഡേ മലയാളത്തോട് പറഞ്ഞു. എന്നാല്‍ പഞ്ചായത്തുകള്‍ക്ക് അപേക്ഷ സ്വീകരിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ യാതൊരു പങ്കുമില്ലെന്നും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്ന ആശുപത്രികളിലൂടെ ആരോഗ്യവകുപ്പ് ഇടപെട്ടാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കോവിഡ് മരണങ്ങള്‍ ഉണ്ടാകാത്തതിനാല്‍ ഇക്കാര്യം പരിശോധിക്കാറില്ല. കോവിഡ് സെല്ലുകളും പ്രവര്‍ത്തനം തുടരുന്നില്ല. ഇതുവരെ അപേക്ഷ നല്‍കിയവര്‍ക്കൊക്കെ ധനസഹായം ലഭിച്ചെന്നാണ് വിവരമെന്നും ജിജി കെ ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കായി പുതിയ വായ്പാ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ധനസഹായം പാഴ്‌വാക്കായ സ്ഥിതിക്ക് സബ്‌സിഡി നിരക്കില്‍ വായ്പ എങ്കിലും നല്‍കിയേക്കാമെന്ന ചിന്ത എന്തായാലും നന്നായി. സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെയും സംയുക്ത സംരംഭമായ ‘സ്‌മൈല്‍ കേരള’ സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലൂടെ ആറ് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് ലഭിക്കുക. 

18 നും 55 നുമിടയില്‍ പ്രായമുള്ള മുഖ്യ വരുമാന ആശ്രയമായ വ്യക്തി കോവിഡ് ബാധിച്ച് മരിച്ചാല്‍ അവരുടെ വനിതകളായ ആശ്രിതര്‍ക്കാണ് വായ്പ ലഭിക്കുക. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുതെന്ന് നിര്‍ദ്ദേശമുണ്ട്. വായ്പാ തുകയുടെ 20 ശതമാനം അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും. അപേക്ഷക കേരളത്തില്‍ സ്ഥിരതാമസക്കാരിയായിരിക്കണമെന്നും നിര്‍ബന്ധമുണ്ട്.