അനശ്വര പ്രണയത്തിന്റെ ഉദാത്ത മാതൃകകളായി ലോകം വാഴ്ത്തുന്ന ജോഡികളാണ് ജെയിംസ് കാമറൂണിന്റെ ടൈറ്റാനിക് എന്ന സിനിമയിലെ ജാക്കും റോസും. ലോകസിനിമയുടെ ചരിത്രത്തിൽ ഇത്രയധികം ആരാധകർ നെഞ്ചിലേറ്റിയ പ്രണയജോഡികൾ ഉണ്ടായിരിക്കുകയില്ല. ചിത്രത്തിൽ റോസ് ആയി അഭിനയ്ച്ച് ഹോളിവുഡ് നടി കേറ്റ് വിൻസ്ലെറ്റിന് ഇപ്പോഴും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ പ്രായമാകുന്നതിനെക്കുറിച്ചും ആ ഘട്ടത്തെ പുൽകുന്നതിനെക്കുറിച്ചുമൊക്കെ പങ്കുവെക്കുകയാണ് നാൽപത്തിയേഴുകാരിയായ കേറ്റ്.

എല്ലാ സ്ത്രീകൾക്കും പുരുഷന്മാർക്കും സംഭവിക്കുന്ന സ്വാഭാവിക പ്രക്രിയയാണ് പ്രായമാകൽ എന്നും ചിലർ അതിനെ ആശങ്കയോടെ സമീപിക്കുകയാണ് എന്നും പറയുകയാണ് കേറ്റ്. നാൽപതുകളിൽ എത്തിനിൽക്കുന്ന സ്ത്രീകൾ അവരുടെ ആന്തരികസൗന്ദര്യത്തെയും കരുത്തിനെയും പുൽകുകയാണ് ചെയ്യേണ്ടതെന്ന് കേറ്റ് പറയുന്നു. 

പലപ്പോഴും സ്ത്രീകൾ നാൽപതുകളിൽ എത്തുമ്പോഴേക്കും ഇത് പതനത്തിന്റെ തുടക്കമാണെന്നും കാര്യങ്ങൾ മങ്ങാനും മാറാനും ആഗ്രഹിക്കാത്ത ദിശകളിലേക്ക് നീങ്ങാനുമൊക്കെ തുടങ്ങുമെന്ന് കരുതും. എന്നാൽ സ്ത്രീകൾ അവരുടെ നാൽപതുകളിൽ നല്ലതിനായി മാറുന്നു എന്നാണ് താൻ കരുതുന്നതെന്നും കേറ്റ്.

നാൽപതുകളിൽ സ്ത്രീകൾ കൂടുതൽ കരുത്തരാകുകയും സെക്സി ആവുകയും ചെയ്യുന്നു. നമ്മൾ നമ്മളിലേക്ക് കൂടുതൽ വളരുന്നു. ആളുകൾ എന്തുചിന്തിക്കുമെന്ന് ഭയപ്പെടാതെ മനസ്സിലുള്ളത് തുറന്നു പറയാനുള്ള അവസരവും ലഭിക്കുന്നു. നമ്മൾ കാണാൻ എങ്ങനെയാണെന്ന് അമിതമായി ആലോചിക്കാതിരിക്കുന്നു. അത് വളരെ മനോഹരമാണ്. ജീവിതം വളരെ ചെറുതാണെന്നും അവനവന്റെ ശക്തിയിൽ തുടരൂ എന്നും കേറ്റ് പറയുന്നു.