ആലപ്പുഴ: എന്‍സിപിയുടെ വനിതാ നേതാവിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചന്ന പരാതിയില്‍ കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനും ഭാര്യ ഷേര്‍ളി തോമസിനും എതിരെ കേസെടുത്തു. നാഷനലിസ്റ്റ് മഹിളാ കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആര്‍ ബി ജിഷയുടെ പരാതിയില്‍ പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.  

ഡിസംബര്‍ 9ന് ഹരിപ്പാട്ട് നടന്ന എന്‍സിപി ഫണ്ട് സമാഹരണ യോഗത്തിനിടെയായിരുന്നു സംഭവം. ഹരിപ്പാട് മണ്ഡലത്തില്‍ പെടാത്തവര്‍ പുറത്ത് പോകണമെന്ന് ജിഷ ആവശ്യപ്പെട്ടതോടെയാണ് ബഹളം തുടങ്ങിയത്. ഇതിനിടെ കാക്കയെ പോലെ കറുത്താനിരിക്കുന്നു എന്നുള്‍പ്പെടെയുളള അധിക്ഷേപങ്ങള്‍ ഉണ്ടായെന്നാണ് ജിഷയുടെ പരാതി. ഹരിപ്പാട് പോലീസാണ് സംഭവത്തില്‍ കേസെടുത്തത്. കേസില്‍ തോമസ് കെ തോമസ് എംഎല്‍എ ഒന്നാം പ്രതിയും ഭാര്യ രണ്ടാം പ്രതിയുമാണ്. അതേസമയം മണ്ഡലം പ്രസിഡന്റ് ക്ഷണിച്ചിട്ടാണ് താന്‍ യോഗത്തില്‍ പങ്കെടുത്തത് എന്നാണ് എംഎല്‍എയുടെ പ്രത്രികരണം. നിയമസഭയില്‍ നിന്ന് തിരികെ വരുന്ന വഴിയായതുകൊണ്ടാണ് ഭാര്യയെ കൂടെ കൂട്ടിയെതെന്നും എംഎല്‍എ പറഞ്ഞു.