മലപ്പുറം: കാമുകനുമായി ഒന്നിച്ചു ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിയ്ക്ക് അവസാനം കാമുകൻ്റെ കെെ കൊണ്ട് മരണം. യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ കാമുകനെ പൊലീസ് അറസ്റ്റു ചെയ്തു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിനി സൗജത്ത് (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ താനൂർ തെയ്യാല ഓമച്ചപ്പുഴ കൊളത്തൂർ വീട്ടിൽ ബഷീറിനെ (44) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാലു വർഷം മുൻപ് സൗജത്ത് ഭർത്താവിനെ കൊലപ്പെടുത്തിയപ്പോൾ സൗജത്തിൻ്റെ കൂട്ടൂപ്രതിയായിരുന്നു ബഷീർ. 

കഴിഞ്ഞ നവംബർ 30നാണ് കൊണ്ടോട്ടിയിലെ വാടകവീട്ടിൽ സൗജത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ഷാൾ മുറുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. അതിനുപിന്നാലെ ബഷീറിനെ കോട്ടയ്ക്കലിലെ താമസസ്ഥലത്ത് വിഷംകഴിച്ച് ഗുരുതരാവസ്ഥയിലും കണ്ടെത്തി.സൗജത്തിൻ്റെ കൊലപാതകം സംബന്ധിച്ച് അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. വിഷംകഴിച്ചതിനെ തുടർന്ന് വളരെ നാളുകൾ ബഷീർ ഗുരുതരാവസ്ഥയിൽത്തന്നെ തുടർന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്ന ബഷീറിന്റെ ആരോഗ്യനില മെച്ചപ്പെട്ടതോടെയാണ് പൊലീസ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. 

ഇതിനുപിന്നാലെയാണ് സൗജത്തിൻ്റെ മരണം കൊലപാതകമാണെന്നും പ്രതി ബഷീറാണെന്നും പൊലീസിന് വ്യക്തമായത്. കൊണ്ടോട്ടി പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ കെ എൻ മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. തുടക്കത്തിൽ സൗജത്തിൻ്റെ മരണം കൊലപാതകമാണെന്ന് പൊലീസിന് വ്യക്തമായിരുന്നെങ്കിലും ആരാണ് കൊലപാതകി എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. എന്നാൽ ബഷീറിനെ ചോദ്യം ചെയ്തതോടെ അയാൾ കുറ്റം ഏറ്റുപറയുകയായിരുന്നു. 

2018 ഒക്ടോബറിലാണ് മത്സ്യത്തൊഴിലാളിയായ ഭർത്താവ് സവാദിനെ ബഷീറിൻ്റെ നിർദ്ദേശപ്രകാരം സൗജത്ത് കൊലപ്പെടുത്തിയത്. ബഷീറുമായി ഒരുമിച്ചു ജീവിക്കാനാണ് സൗജത്ത് കൊലപാതകം നടത്തിയെന്നാണ് കുറ്റപത്രത്തിൽ പൊലീസ് വ്യക്തമാക്കിയത്. ഈ കേസിൽ ഇടക്കാല ജാമ്യത്തിൽ കഴിയുകയായിരുന്നു ഇരുവരും. കൊല നടക്കുന്ന ദിവസം അതായത് നവംബർ 29ന് ബഷീർ സൗജത്തിനെ കാണാൻ വാടക വീട്ടിൽ എത്തിയിരുന്നു. അവിടെവച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു. തുടർന്ന് കഴുത്തിൽ ഷാൾ മുറുക്കി സൗജത്തിനെ ബഷീർ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.