തുടർച്ചയായി ഇലോൺ മസ്കിനെ സൂക്ഷ്മമായി നിരീക്ഷിച്ചുവന്നിരുന്ന അക്കൗണ്ട് ട്വിറ്റർ നിരോധിച്ചു. ‘ഇലോൺജെറ്റ്’ എന്ന അക്കൗണ്ടാണ് ട്വിറ്റർ നിരോധിച്ചത്. നേരത്തെ ഈ അക്കൗണ്ട് നിരോധിക്കില്ലെന്ന് ട്വിറ്റർ മേധാവി ഇലോൺ മസ്ക് അറിയിച്ചിരുന്നതാണ്.

ജാക്ക് സ്വീനി എന്നയാളാണ് ഇലോൺജെറ്റ് (@ElonJet) എന്ന അക്കൗണ്ടിന്റെ ഉടമ. സെൻട്രൽ ഫ്ളോറിഡ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയാണ് 20 കാരനായ ജാക്ക് സ്വീനി. ഒരു ലക്ഷത്തിലധികം ഫോളേവേഴ്സാണ് അക്കൗണ്ടിന് ഉണ്ടായിരുന്നത്. ജാക്ക് സ്വീനിയുടെ പ്രൈവറ്റ് അക്കൗണ്ടും ട്വിറ്റർ നിരോധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

മസ്ക് തന്റെ പ്രൈവറ്റ് ജെറ്റിൽ എവിടെയെല്ലാം പോവുന്നുവെന്ന് 20 കാരൻ നിരീക്ഷിക്കും. സ്വന്തമായി വികസിപ്പിച്ചെടുത്ത ഒരു ബോട്ട് (BOT) ഉപയോഗിച്ചാണ് മസ്കിന്റെ വിമാനയാത്രകൾ ജാക്ക് പിന്തുടർന്നിരുന്നത്. മസ്കിന്റെ വിമാനം എവിടെ നിന്ന് എപ്പോൾ പുറപ്പെട്ടുവെന്നും എവിടെ ലാൻഡ് ചെയ്തുവെന്നും എത്രനേരം യാത്ര ചെയ്തുവെന്നുമുള്ള വിവരങ്ങൾ ഉടൻ തന്നെ ട്വീറ്റ് ചെയ്യുമായിരുന്നു.

മസ്കിനെ മാത്രമല്ല, മറ്റ് പ്രമുഖരേയും ജാക്ക് പിന്തുടർന്നിരുന്നു. ഇത്തരത്തിൽ പ്രമുഖ വ്യക്തികളുടെ വിമാന യാത്രകൾ പിന്തുടരുന്നതിനായി ഒരു ഡസനോളം ഫ്ളൈറ്റ് ബോട്ട് അക്കൗണ്ടുകൾ ജാക്ക് വികസിപ്പിച്ചിട്ടുണ്ട്. ബിൽ ഗേറ്റിസിനെയും ജെഫ് ബെസോസിനേയുമെല്ലാം ജാക്ക് നിരീക്ഷിച്ചിരുന്നു.

ഇത് സുരക്ഷാ ഭീഷണിയാണെന്നും അക്കൗണ്ട് പിൻവലിക്കാമോ എന്നും ചോദിച്ച് മസ്ക് ജാക്ക് സ്വീനിയ്ക്ക് സന്ദേശം അയച്ചിരുന്നു. തന്റെ യാത്രകളെ സ്ഥിരമായി പിന്തുടരുന്ന ഈ അക്കൗണ്ട് നീക്കം ചെയ്യാൻ മസ്ക് 5000 ഡോളർ ജാക്കിന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഈ വാഗ്ദാനം ജാക്ക് സ്വീനി സ്വീകരിച്ചിരുന്നില്ല.