ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 17കാരിക്ക് നേരെ ബൈക്കിലെത്തിയ രണ്ട് പേര്‍ ആസിഡൊഴിച്ചു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മോഹന്‍ ഗാര്‍ഡന്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. 

രാവിലെ സഹോദരിക്കുമ്പോള്‍ റോഡിലൂടെ നടക്കുകയായിരുന്നു പെണ്‍കുട്ടി. എതിര്‍വശത്ത് നിന്നെത്തിയ ബൈക്കിലുണ്ടായിരുന്ന യുവാവ് ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ ഇരുവരും സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രാവിലെ ഒമ്പത് മണിയോടെയാണ് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ആക്രമണം സംബന്ധിച്ച വിവരം ലഭിച്ചത്. പിന്നാലെ അക്രമിയാണെന്ന് കുട്ടി സംശയം പ്രകടിപ്പിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ 17കാരിക്ക് മുന്‍പരിചയമുണ്ട്. 

സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ (ഡിസിഡബ്ല്യു) ഇടപെട്ടിട്ടുണ്ട്. രാജ്യത്ത് ആസിഡ് വില്‍പന നിരോധനം ആവശ്യപ്പെട്ട് വര്‍ഷങ്ങളായി പോരാടുകയാണെന്നും എപ്പോഴാണ് സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയെന്നും ഡിസിഡബ്ലൂ ചെയര്‍പേഴ്‌സണ്‍ സ്വാതി മലിവാള്‍ ചോദിച്ചു.