ഏറ്റുമാനൂരില്‍ കള്ള് ഷാപ്പിൽ കയറി ആക്രമണം നടത്തിയ കേസില്‍ രണ്ടുപേര്‍കൂടി പോലീസിന്റെ പിടിയിലായി .അതിരമ്പുഴ പടിഞ്ഞാറ്റും ഭാഗം കോട്ടമുറി ഭാഗത്തു് ഇടത്തോട്ടിൽ വീട്ടിൽ ബൈജു മകൻ ഋഷികേശ്(22), അതിരമ്പുഴ ശ്രീകണ്ഠമംഗലം കുറ്റിയേൽകവല ഭാഗത്തു് കറുകച്ചേരിൽ വീട്ടിൽ കൃഷ്ണൻകുട്ടി മകൻ അനന്തകഷ്ണൻ(22) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവരും സുഹൃത്തുക്കളും ചേര്‍ന്ന് ഈ മാസം നാലാം തീയതി അതിരമ്പുഴ മുണ്ടുവേലിപ്പടി ഭാഗത്ത് പ്രവർത്തിക്കുന്ന കള്ള് ഷാപ്പിൽ മാരകമായ ആയുധങ്ങളുമായെത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയും, കൂടാതെ ഷാപ്പിൽ ഉണ്ടായിരുന്ന പ്ലേറ്റുകളും മറ്റു പാത്രങ്ങളും ഡസ്കും കസേരയും ഉൾപ്പെടെ അടിച്ചു തകർക്കുകയും ചെയ്തു.

ഷാപ്പുടമയുടെ പരാതിയെ തുടർന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ,ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പേമലമുകളേൽ വീട്ടിൽ ചാമി എന്ന് വിളിക്കുന്ന വിഷ്ണു യോഗേഷ്, കുഴിപറമ്പിൽ വീട്ടിൽ ആഷിക് എം എന്നിവരെ ഇന്നലെ പിടികൂടിയിരുന്നു.

തുടർന്ന് കൂട്ടുപ്രതികളായ ഋഷികേഷ് ,അനന്തകൃഷ്ണൻ എന്നിവർക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കുകയും, ഇവരെ അതിരമ്പുഴ ഭാഗത്ത് നിന്ന് അന്വേഷണസംഘം സാഹസികമായി പിടികൂടുകയുമായിരുന്നു. പ്രതിയായ അനന്തകൃഷ്ണന് ഏറ്റുമാനൂർ സ്റ്റേഷനിൽ കഞ്ചാവ്,അടിപിടി എന്നീ കേസുകൾ നിലവിലുണ്ട്. ഇവരെ അറസ്റ്റ് ചെയ്തതോട് കൂടി ഈ കേസിലെ മുഴുവൻ പ്രതികളും പിടിയിലായതായി പോലീസ് പറഞ്ഞു.

ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ രാജേഷ് കുമാർ ടി.ആർ, എസ്.ഐ. പ്രശോഭ് കെ.കെ, സി.പി.ഓ മാരായ ഡെന്നി, പ്രവീൺ, പ്രേംലാൽ രാകേഷ് എസ്.കെ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.