തിരക്ക് കണക്കിലെടുത്ത് ശബരിമലയില്‍ ഭക്തരുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന് പോലീസ്. പ്രതിദിനം മലചവിട്ടുന്ന ഭക്തരുടെ എണ്ണം 85,000 ആയി ചുരുക്കണമെന്നാണ് നിര്‍ദേശം. തിരക്ക് നിയന്ത്രിക്കാന്‍ ഇത് ആവശ്യമാണെന്ന് പോലീസ് പറയുന്നു.

1.2 ലക്ഷമാണ് നിലവില്‍ ഓണ്‍ലൈന്‍ വഴി ദേവസ്വം ബോര്‍ഡ് രജിസ്‌ട്രേഷന്‍ അനുവദിച്ചിരിക്കുന്നത്. ഇത്രയും പേര്‍ ദിനംപ്രതി കയറിയാല്‍ തിരക്ക് നിയന്ത്രിക്കാനാവില്ലെന്ന് പോലീസ് വ്യക്തമാക്കി. നേരത്തെ വെര്‍ച്ച്വല്‍ ക്യൂ കൈകാര്യം ചെയ്തിരുന്നത് പോലീസായിരുന്നു. എന്നാല്‍ ഇപ്പോള്‍ ദേവസ്വത്തിനാണ് ചുമതല. കൊറോണ നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതിന് ശേഷമുള്ള ആദ്യത്തെ ശബരിമല തീര്‍ത്ഥാടന കാലമായതിനാല്‍ വന്‍ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്.

ഇന്നലെ നിലയ്ക്കലെത്തിയത് 11,000 വാഹനങ്ങളാണ്. ഇത്രയുമധികം വാഹനങ്ങള്‍ ഒരേസമയം എത്തുമ്പോള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമില്ല. രജിസ്‌ട്രേഷന്‍ കുറയ്ക്കണമെന്ന് പോലീസ് ഹൈക്കോടതിയെയും അറിയിക്കും. നിലവില്‍ പ്രതിദിനം 1,20,000 പേര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ മുഖേന ദര്‍ശനം നടത്തുന്നതിനുള്ള അനുമതിയുണ്ട്. ഈ സാഹചര്യത്തില്‍ ഭക്തരുടെ തിരക്ക് കൈകാര്യം ചെയ്യാന്‍ വലിയ ബുദ്ധിമുട്ടാണെന്ന് പോലീസ് പറയുന്നു. ഒരു ലക്ഷത്തില്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത സാഹചര്യമാണ് സന്നിധാനത്തുള്ളത്. ശനിയാഴ്ച മാത്രം പതിനൊന്നായിരത്തോളം വാഹനങ്ങള്‍ നിലയ്ക്കലില്‍ എത്തിയിരുന്നു.  അതിനാല്‍ ഭക്തരുടെ എണ്ണം പരിമിതപ്പെടുത്തണമെന്നാണ് പോലീസുകാരുടെ ആവശ്യം.

ഭക്തരുടെ എണ്ണം 85,000 ആയി നിജപ്പെടുത്തിയാല്‍ മാത്രമേ ശബരിമലയിലെ അസൗകര്യങ്ങളെ മറികടക്കാന്‍ സാധിക്കൂവെന്നും പോലീസ് പറയുന്നു. തിങ്കളാഴ്ച മുഖ്യമന്ത്രി വിളിക്കുന്ന യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കുമെന്നും വിഷയം ഹൈക്കോടതിയെ അറിയിക്കുമെന്നും പോലീസ് വ്യക്തമാക്കി. തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിച്ചതോടെ ശബരിമലയില്‍ ദര്‍ശന സമയം പുനക്രമീകരിച്ചു. ഇന്ന് മുതല്‍ രാത്രി 11.30നാകും ഹരിവരാസനം പാടി നടയടക്കുക. ഉച്ചയ്ക്ക് 1.30 വരെ ദര്‍ശന സമയം നീട്ടുന്നതിലും ഉടന്‍ തീരുമാനമാകും. ഇന്ന് അറുപത്തി രണ്ടായിരം പേരാണ് ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്.