ഫിഫ ലോകകപ്പിലെ റൗണ്ട് ഓഫ് 16 മത്സരങ്ങള്‍ക്ക് തുടക്കമാകുന്നു. ഞായറാഴ്ച പുലര്‍ച്ചെ 12.30ന് നടക്കാനിരിക്കുന്ന വാശിയേറിയ മത്സരത്തില്‍ കരുത്തരായ അര്‍ജന്റീന ഓസ്‌ട്രേലിയയെ നേരിടും. സൂപ്പര്‍ താരം ലയണല്‍ മെസി തന്റെ കരിയറിലെ ആയിരാമത്തെ മത്സരത്തിനാണ് ഇറങ്ങുന്നത് എന്ന സവിശേഷതയുമുണ്ട്. 

35കാരനായ മെസി അര്‍ജന്റീനയ്ക്ക് വേണ്ടി ഇതുവരെ 168 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ബാഴ്‌സലോണയ്ക്ക് വേണ്ടി 778 മത്സരങ്ങള്‍ കളിച്ച മെസി പിഎസ്ജിയ്ക്ക് വേണ്ടി 53 മത്സരങ്ങളില്‍ കളത്തിലിറങ്ങിയിട്ടുണ്ട്. ഖത്തറില്‍ നടക്കുന്ന ലോകകപ്പ് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് മെസി നേരത്തെ തന്നെ അറിയിച്ചിരുന്നു. ഗ്രൂപ്പ് സിയില്‍ ആദ്യ മത്സരം പരാജയപ്പെട്ട അര്‍ജന്റീന അവസാന രണ്ട് മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് പ്രീ ക്വാര്‍ട്ടറില്‍ എത്തിയത്. 

ലോകഫുട്‌ബോളിലെ എക്കാലത്തെയും മികച്ച രണ്ട് താരങ്ങളില്‍ ഒരാളാണ് മെസിയെന്ന് ഓസ്‌ട്രേലിയന്‍ പ്രതിരോധനിര താരം ഹാരി സൗത്താര്‍ പറഞ്ഞു. മെസിയ്ക്ക് എതിരെ കളിക്കുമ്പോള്‍ തികഞ്ഞ ജാഗ്രത ആവശ്യമാണെന്നും അദ്ദേഹത്തെ തടയുകയെന്നത് ടീമിന്റെ മൊത്തം ഉത്തരവാദിത്തമാണെന്നും ഹാരി സൗത്താര്‍ വ്യക്തമാക്കി. ഖത്തര്‍ ലോകകപ്പില്‍ മെസി ഇതിനോടകം തന്നെ രണ്ട് ഗോള്‍ നേടിക്കഴിഞ്ഞു. പോളണ്ടിനെതിരായ മത്സരത്തില്‍ മെസിയുടെ പെനാള്‍ട്ടി കിക്ക് പാഴാവുകയും ചെയ്തിരുന്നു.