കൊല്‍ക്കൊത്ത: അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിലെ ബരുയിപൂർ പോലീസ് ബുധനാഴ്‌ച രാത്രി സൗത്ത് 24 പരഗാനാസിലെ ഭംഗറിലെ ഒരു വീട്ടിൽ റെയ്‌ഡ്‌ നടത്തുകയും ബോംബ് നിർമ്മാണ യൂണിറ്റ് തകർക്കുകയും ചെയ്‌തു.

കാശിപൂർ പോലീസ് സ്‌റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം നബിറുൽ മൊല്ല എന്നയാളുടെ വസതിയിൽ നടത്തിയ റെയ്‌ഡിൽ 15 കിലോയിലധികം ഗൺ പൗഡറും മറ്റ് ബോംബ് നിർമ്മാണ സാമഗ്രികളും കണ്ടെടുത്തു. ഒരു ലോങ്ങ് ബാരൽ നാടൻ തോക്കും, ഇതിനൊപ്പം നാല് വെടിയുണ്ടകളും, 10 മൊബൈൽ ഫോണുകളും ഇവിടെ നിന്നും പോലീസ് സംഘം കണ്ടെടുത്തു.

സംഭവത്തിൽ നബീറുൽ മൊല്ലയെയും മകൻ ഷംസുദ്ദീൻ റഹ്മാനെയും പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. കൂടാതെ നാല് പേർക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്. പോലീസ് ഇവരുടെ വസതിയിൽ റെയ്‌ഡ്‌ നടത്താൻ എത്തിയപ്പോൾ സംഭവസ്ഥലത്ത് നിന്ന് നാല് പേർ ഇറങ്ങിയോടിയിരുന്നു. ഇവരെയാണ് പോലീസ് തേടുന്നത്.