ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ പുതിയ വിവാദം. ക്യാമ്പസിലെ ചുവരുകളില്‍ ബ്രാഹ്‌മണ വിരുദ്ധ മുദ്രാവാക്യങ്ങള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പ്രതിഷേധവുമായി എബിവിപി രംഗത്തെത്തി. സ്‌കൂള്‍ ഓഫ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചറിന്റെ രണ്ടും മൂന്നും നിലകളുടെ ചുമരുകളിലും നിരവധി അധ്യാപകരുടെ വാതിലുകളും ആക്ഷേപകരമായ മുദ്രാവാക്യങ്ങള്‍ നിറഞ്ഞിട്ടുണ്ട്. 

ഇടതുപക്ഷ ചായ്വുള്ള വിദ്യാര്‍ത്ഥികളാണ് സംഭവത്തിന് പിന്നിലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും എബിവിപി നേതൃത്വം ആവശ്യപ്പെട്ടു. ബ്രാഹ്‌മണര്‍ക്കും ബനിയ സമുദായങ്ങള്‍ക്കുമെതിരായ പരാമര്‍ശങ്ങളാണ് ചുവരുകളില്‍ കാണപ്പെട്ടതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇതിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ സംഭവത്തില്‍ ജെഎന്‍യു ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല.

‘ബ്രാഹ്‌മണര്‍ ക്യാമ്പസ് വിടുക, ‘ബ്രാഹ്‌മണ ഭാരത് ഛോഡോ’, ‘ബ്രാഹ്‌മണ-ബനിയാകളേ, ഞങ്ങള്‍ നിങ്ങള്‍ക്കായി വരുന്നു! ഞങ്ങള്‍ പ്രതികാരം ചെയ്യും എന്നീ വാചകങ്ങളാണ് ചുവരുകളില്‍ കാണപ്പെട്ടതെന്ന്   വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു

‘കമ്മ്യൂണിസ്റ്റ് ഗുണ്ടകള്‍ അക്കാദമിക ഇടങ്ങള്‍ വ്യാപകമായി നശിപ്പിക്കുന്നതിനെ എബിവിപി അപലപിക്കുന്നു. സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ്- II കെട്ടിടത്തിലെ ചുവരുകളില്‍ കമ്മ്യൂണിസ്റ്റുകള്‍ അധിക്ഷേപങ്ങള്‍ എഴുതിയിട്ടുണ്ട്. ഭയപ്പെടുത്താനായി സ്വതന്ത്ര ചിന്താഗതിക്കാരായ പ്രൊഫസര്‍മാരുടെ ചേമ്പറുകള്‍ അവര്‍ വികൃതമാക്കിയി,” എബിവിപി ജെഎന്‍യു പ്രസിഡന്റ് രോഹിത് കുമാര്‍ പറഞ്ഞു.

‘അക്കാദമിക് ഇടങ്ങള്‍ സംവാദത്തിനാണ് ഉപയോഗിക്കേണ്ടത്. അല്ലാതെ സമൂഹത്തെയും വിദ്യാര്‍ത്ഥി സമൂഹത്തെയും വിഷലിപ്തമാക്കാന്‍ ഉപയോഗിക്കരുതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,” രോഹിത് കൂട്ടിച്ചേര്‍ത്തു. പിന്നാലെ ഒരു ജെഎന്‍യു അധ്യാപക സംഘടനയും സംഭവത്തെ അപലപിച്ച് ട്വീറ്റ് ചെയ്തു.