വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള ബന്ധത്തില്‍ ഇടപെടേണ്ടെന്നു യുഎസ് ഉദ്യോഗസ്ഥര്‍ക്കു ചൈനയുടെ മുന്നറിയിപ്പ്. ഇന്ത്യയുമായുള്ള അതിര്‍ത്തി സംഘര്‍ഷം അയവില്ലാതെ തുടരുമ്പോഴാണ് യുഎസ് ഉദ്യോഗസ്ഥരെ ചൈന ഭീഷണിപ്പെടുത്തിയത്.

അമേരിക്കന്‍ ഉദ്യോഗസ്ഥരെ ചൈന ഭീഷണിപ്പെടുത്തിയ കാര്യം യുഎസ് കോണ്‍ഗ്രസിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പെന്റഗണ്‍ ആണു വെളിപ്പെടുത്തിയത്. ‘യുഎസുമായി കൂടുതല്‍ അടുപ്പമുണ്ടാകുന്ന തരത്തില്‍ ഇന്ത്യയുമായി അതിര്‍ത്തി സംഘര്‍ഷം വളരാതെ നോക്കണമെന്ന് ചൈന ആവശ്യപ്പെടുന്നുണ്ട്. ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തില്‍ ഇടപെടരുതെന്നു യുഎസ് ഉദ്യോഗസ്ഥരെ വിലക്കുകയും ചെയ്തു’ ചൊവ്വാഴ്ച നല്കിയ റിപ്പോര്‍ട്ടില്‍ പെന്റഗണ്‍ ചൂണ്ടിക്കാട്ടി.

‘അതിര്‍ത്തിയിലെ ചൈനീസ് നിര്‍മ്മാണങ്ങളെ ഇന്ത്യ എതിര്‍ക്കുന്നതാണ് ചൈന പ്രശ്‌നമായി ഉന്നയിക്കുന്നത്. 2021-ല്‍ ചൈന അതിര്‍ത്തിയില്‍ സേനയെ വിന്യസിപ്പിക്കുകയും, അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തിരുന്നു. 2020-ലെ ഏറ്റുമുട്ടല്‍ മുതല്‍ ചൈനീസ് സേനയുടെ സാന്നിധ്യം അതിര്‍ത്തിയില്‍ നിലനിര്‍ത്തുകയും അവിടെ വലിയ നിര്‍മ്മാണങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. 46 വര്‍ഷത്തിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റവും മാരകമായ ഏറ്റുമുട്ടലായിരുന്നു 2020ലെ ഗാല്‍വാന്‍ വാലി സംഭവമെന്ന് പെന്റഗണ്‍ പറയുന്നു