ഇംഗ്ലണ്ടിൽ ക്രെെസ്തവ വിശ്വാസികളുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നതെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ക്രിസ്തുമതം ഔദ്യോഗിക മതമായ ഇംഗ്ലണ്ടിൽ ക്രൈസ്തവ വിശ്വാസികളുടെ എണ്ണത്തിൽ വൻ കുറവുണ്ടായതായ സംഭവം വൻ ഞെട്ടലാണ് ക്രെെസ്തവ നേതൃത്വണത്തിന് സമ്മാനിച്ചിരിക്കുന്നത്. നിലവിൽ രാജ്യത്തെ ജനസംഖ്യയുടെ പകുതിയിൽ താഴെയാണ് ക്രൈസ്തവരുടെ എണ്ണമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ചരിത്രത്തിലാദ്യമായി ക്രൈസ്തവർ ന്യൂനപക്ഷമായി മാറുകയും ചെയ്തിരിക്കുന്നു. ഇതു സംബന്ധിച്ചുള്ള കണക്കുകൾ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ആണ് പുറത്തു വിട്ടിരിക്കുന്നത്.

സഭയുടെ ഇടപെടലുകൾ ബ്രിട്ടീഷ് രാഷ്ട്രീയത്തിലും കാണാൻ സാധിക്കും. ബ്രിട്ടീഷ് പാരമ്പര്യങ്ങളുമായി ബന്ധപ്പെട്ട് ചർച്ച് ഓഫ് ഇംഗ്ലണ്ടിന് വലിയ പ്രാധാന്യമുണ്ട്. ബ്രിട്ടീഷ് രാജാവായ ചാൾസ് മൂന്നാമൻ രാജാവ്, വിശ്വാസത്തിൻ്റെ സംരക്ഷകനും ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പരമോന്നത ഗവർണറുമാണ്. മാത്രമല്ല 26 സഭാ ബിഷപ്പുമാർ പാർലമെൻ്റിൻ്റെ ഹൗസ് ഓഫ് ലോർഡ്‌സിലുണ്ട്. അവരുടെ കൂടെ സഹകരണത്തോടെയാണ് അവിടെ നിയമങ്ങൾ പാസാക്കുന്നതും. ഈ സാഹചര്യത്തിൽ ഇംഗ്ലണ്ടിലെ ജനങ്ങൾ ക്രെെസ്തവ മതം ഉപേക്ഷിക്കുന്നവെന്ന വാർത്ത വലിയ ഞെട്ടലോടെയാണ് സഭാ നേതൃത്വം നോക്കിക്കാണുന്നതും. പുതിയ വിവരങ്ങൾ ബ്രിട്ടനിലെ സഭയുടെ ഇടപെടലുകൾ സംബന്ധിച്ച് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

2021ലെ സെൻസസ് പ്രകാരം ഇംഗ്ലണ്ടിലെയും വെയ്ൽസിലെയും ജനസംഖ്യയിൽ 46 ശതമാനം പേർ അതായത് 2.75 കോടി ജനങ്ങൾ തങ്ങൾ ക്രെെസ്തവ വിശ്വാസികളാണെന്ന് വ്യക്തമാക്കുന്നുണ്ട്. പത്ത് വർഷം മുൻപ് ഇത് 59.3 ശതമാനമായിരുന്നു. അതായത് 3.33 കോടി ജനങ്ങൾ. പത്ത് വർഷം കൊണ്ട് ക്രിസ്ത്യാനികളുടെ എണ്ണത്തിൽ 13.1 ശതമാനത്തിൻ്റെ കുറവാണുണ്ടായതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതേസമയം മതമില്ലാത്തവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മതരഹിതരുടെ എണ്ണം 2.22 കോടിയായി ഉയർന്നു കഴിഞ്ഞു. 2021ൽ ഇത് 1.41 കോടിയായിരുന്നു. 

ഇതര മതങ്ങളായി ഇസ്ലാം- ഹിന്ദു വിശ്വ്രാസികളുടെ കാര്യത്തിലും വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുസ്ലിങ്ങളുടെ എണ്ണം 4.9 ൽ നിന്ന് 6.5 ശതമാനമായി ഉയർന്നിട്ടുണ്ട്. 39 ലക്ഷംപേർ ഇസ്ലാം മത വിശ്വാസികളാണ്. ഹിന്ദുക്കളുടെ എണ്ണം 1.5 ശതമാനത്തിൽ നിന്ന് 1.7 ശതമാനമായും വർദ്ധിച്ചിട്ടുണ്ട്. അതായത് 8.18 ലക്ഷത്തിൽ നിന്നും 10 ലക്ഷമായാണ് ഹിന്ദു ജനസംഖ്യ വർദ്ധിച്ചത്. സാമൂഹികാവസ്ഥയുടെ കാര്യത്തിലും വലിയ മാറ്റമാണ് ബ്രിട്ടനിലുള്ളത്. ഒഎൻഎസ് റിപ്പോർട്ട് പ്രകാരം വെളുത്ത വർഗക്കാരെന്ന് പറയുന്നവരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ജനസംഖ്യയിൽ 81.7 ശതമാനം പേർ അതായത് 4.87 കോടി ജനങ്ങൾ തങ്ങൾ വെളുത്ത വർഗക്കാർ ആണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മൊത്തം ജനസംഖ്യയുടെ 86 ശതമാനം വരും ഇത്തരക്കാരുടെ എണ്ണം.  9.3 ശതമാനം പേർ അതായത 55 ലക്ഷം പേർ ഏഷ്യൻ, ഏഷ്യൻ ബ്രിട്ടീഷ്, ഏഷ്യൻ വെൽഷ് വിഭാഗത്തിൽ പെടുന്നവരാണ്.പത്ത് വർഷം മുൻപ് ഇത് 42 ലക്ഷമായിരുന്നു. ഇവരുടെ എണ്ണത്തിൽ 7.5 ശതമാനത്തിൻ്റെ വളർച്ചയുണ്ടായെന്നാണ് കണക്കുകൾ. 

സെൻസസുകളിലെ കണ്ടെത്തലുകൾ എത്തുന്നതിന് മുൻപുതന്നെ വലിയ മാറ്റങ്ങൾ ബ്രിട്ടനിൽ ദൃശ്യമായിരുന്നു. ഞായറാഴ്ചകളിൽ പളളിയിൽ പോകുന്നവരുടെ കാര്യത്തിൽ വലിയ കുറവുണ്ടെന്നുള്ള റിപ്പോർട്ടുകളും നേരത്തെ പുറത്തു വന്നിരുന്നു. ബ്രിട്ടണിലെ പള്ളികൾ കമ്മ്യുണിറ്റി ഹാളുകൾ, കലാ കേന്ദ്രങ്ങൾ എന്നിവയൊക്കെയായി രൂപം മാറിയതും വാർത്തയായിരുന്നു. 2010-നും 2019-നും ഇടയിൽ 423 പള്ളികൾ പൂട്ടിയതായാണ് കണക്കുകൾ പുറത്തു വരുന്നത്. അതമസമയം 1987 നും 2019 നും ഇടയിൽ 940 പള്ളികളാണ് ബ്രിട്ടനിൽ നിന്നും അപ്രത്യക്ഷമായത്. ഇനി 15,500 പള്ളികൾ മാത്രമേ ബ്രിട്ടനിൽ അവശേഷിക്കുന്നുള്ളു എന്നും കണക്കുകൾ പറയുന്നു.