സിനിമാലോകവും സോഷ്യൽ മീഡിയയും ഒന്നാകെ കൊണ്ടാടിയ വിവാഹമായിരുന്നു നയൻതാരയുടേയും സംവിധായകൻ വിഘ്നേഷ് ശിവന്റേയും. നയൻതാരയെ വാനോളം പുകഴ്ത്തി രം​ഗത്തെത്തിയിരിക്കുകയാണ് വിഘ്നേഷിന്റെ അമ്മയായ മീനാ കുമാരി. ചെന്നൈയിൽ ഹാപ്പി മെയ്ഡ്സ് സ്കിൽ ഡെവലപ്മെന്റ് സെന്റർ ഉദ്ഘാടന വേളയിൽ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും സാമൂഹിക ഉത്തരവാദിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിക്കുകയായിരുന്നു അവർ. ഇതിന്റെ വീഡിയോയും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

താൻ കണ്ടതിൽവെച്ച് ഏറ്റവും ദയാലുവായ വനിതയാണ് നയൻതാരയെന്ന് അവർ പറഞ്ഞു. ആരെങ്കിലും ബുദ്ധിമുട്ട് അറിയിച്ചാൽ സഹായിക്കാൻ നയൻതാര ഒരു മടിയും കാണിക്കാറില്ലെന്നും മീനാ കുമാരി പറഞ്ഞു. അതിന് ഒരുദാഹരണവും അവർ ചൂണ്ടിക്കാട്ടി. നാല് പുരുഷന്മാരും നാല് സ്ത്രീകളുമായി എട്ടുപേരാണ് നയൻതാരയുടെ വീട്ടിൽ ജോലിക്കാരായുള്ളത്. ഒരിക്കൽ ഇവരിലൊരാൾ നയൻതാരയോട് തനിക്ക് നാല് ലക്ഷം രൂപ കടമുണ്ടെന്നും ജീവിതം ബുദ്ധിമുട്ടിലാണെന്നും പറഞ്ഞു. ഉടനടി നയൻ ആ സംഖ്യ അവർക്ക് കൊടുത്തിട്ട് കടമെല്ലാം വീട്ടണമെന്ന് പറഞ്ഞു. മീനാ കുമാരി ഓർത്തു.

അത്രയും തുക കൊടുക്കണമെങ്കിൽ അതുപോലെ ഒരു മനസ് വേണമല്ലോ എന്നും അവർ ചോദിച്ചു. മാത്രമല്ല ആ സ്ത്രീയും അതിനർഹയാണ്. കാരണം രണ്ട് മൂന്ന് വർഷമായി അവർ ആ വീട്ടിൽ ആത്മാർഥമായി ജോലി എടുക്കുന്നു. ഒരിക്കൽ നയൻതാരയുടെ അമ്മ സ്വന്തം കയ്യിലെ സ്വർണവള അവർക്ക് ഊരി നൽകിയിരുന്നു. ഒരിടത്ത് നമ്മൾ ആത്മാർഥമായി ജോലി നോക്കുകയാണെങ്കിൽ നമ്മുടെ വിഷമഘട്ടങ്ങളിൽ തീർച്ചയായും ആരെങ്കിലും സഹായിക്കാനുണ്ടാകുമെന്നും വിഘ്നേഷിന്റെ അമ്മ കൂട്ടിച്ചേർത്തു.