സിംസൺസ് (The Simpsons) കാർട്ടൂണിനെ കുറിച്ച് അറിയാത്തവർ ചുരുക്കമായിരിക്കും. ഫോക്സ് ചാനലിന് വേണ്ടി മാറ്റ് ഗ്രോണിങ് സൃഷ്ടിച്ച ഒരു അമേരിക്കൻ ആനിമേറ്റഡ് സിറ്റ്കോമാണ് ദി സിംസൺസ്. അമേരിക്കയിൽ നടന്ന ചില സുപ്രധാന സംഭവങ്ങൾ വർഷങ്ങൾക്ക് മുമ്പ് പ്രവചിച്ചതാണ് ഈ കാർട്ടൂണിനെ വേറിട്ടു നിർത്തുന്നത്. അതിൽ പ്രധാനപ്പെട്ട സംഭവം, ഡോണൾഡ് ട്രംപ് യു.എസ് പ്രസിഡന്റായതാണ് . പ്രശസ്ത പോപ് ഗായികയായ ലേഡി ഗാഗയുടെ സൂപ്പർ ബോൾ പെർഫോമൻസാണ് മറ്റൊന്ന്.

ലോകകോടീശ്വരനും ടെസ്‍ല ഉടമയുമായ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതാണ് സമീപകാലത്തായി ആഘോള തലത്തിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ഒരു സംഭവവികാസം. എന്നാൽ, 2015ൽ പുറത്തുവന്ന കാർട്ടൂണിന്റെ ഒരു എപ്പിസോഡിൽ അതും സിംസൺസ് പ്രവചിച്ചിരുന്നു. സാക്ഷാൽ ഇലോൺ മസ്ക് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഏതായാലും നെറ്റിസൺസ് അതോടെ അന്തംവിട്ട് നിൽക്കുകയാണ്.

‘സിംസൺസിന്റെ 26-ആം സീസണിലെ 12-ആമത്തെ എപിസോഡ് ഞാൻ ട്വിറ്റർ വാങ്ങുമെന്ന് പ്രവചിച്ചു’ – കാർട്ടൂണിലെ ഒരു രംഗത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് മസ്ക് ട്വീറ്റ് ചെയ്തു. 

ഹോം ട്വീറ്റ് ഹോം” എന്ന് എഴുതിയിരിക്കുന്ന പക്ഷിക്കൂട്ടിലുള്ള പക്ഷികൾക്ക് ലിസ സിംപ്സൺ എന്ന കഥാപാത്രം ഭക്ഷണം നൽകുന്നതായാണ് എപിസോഡിന്റെ തുടക്കത്തിൽ കാണാൻ കഴിയുക. അതിനിടെ ചില പക്ഷികളെ ഒരു പരുന്ത് റാഞ്ചിയെടുത്ത് കൊണ്ടുപോയി കൊല്ലുന്നു. അമേരിക്കക്കാരുടെ പ്രിയപ്പെട്ട ചിഹ്നത്തിലുള്ള പരുന്ത് ദൂരേക്ക് പറന്നുയരുമ്പോൾ, ഇലോൺ മസ്‌ക് തന്റെ റോക്കറ്റ് ഷിപ്പിൽ പറന്നെത്തി അതിലുള്ള ആയുധമുപയോഗിച്ച് പരുന്തിനെ കൊല്ലുന്നു.

കുടുംബമേ, ധൈര്യമായിരിക്കുക. നമ്മളേക്കാൾ ബുദ്ധിശക്തിയുള്ള ഒരു ജീവിയെ നാം കണ്ടുമുട്ടാൻ പോകുകയാണ്,” മകനോട് തന്റെ ബേസ്ബാൾ ബാറ്റ് എടുക്കാൻ പറഞ്ഞുകൊണ്ട് സിംപ്സൺ പറയുന്നു. അതിനിടെ റോക്കറ്റ് ലാൻഡ് ചെയ്ത ഇലോൺ മസ്‌ക് തന്റെ സ്‌പേസ് ഹെൽമെറ്റ് അഴിച്ചുമാറ്റി സ്വയം പരിചയപ്പെടുത്തുന്നു: “ഹലോ, ഞാൻ ഇലോൺ മസ്‌ക്.” 

എന്നാൽ, സിംസൺ ബേസ് ബാൾ ബാറ്റ് മസ്കിന്റെ തല ലക്ഷ്യമാക്കി എറിയുമ്പോൾ മകൾ ലിസ സിംസൺ അലറും, “അച്ഛാ, അരുത്! ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കണ്ടുപിടുത്തക്കാരനാണ് ഇലോൺ മസ്ക്.” ശേഷം അത്യാധുനിക സാങ്കേതിക വിദ്യയുള്ള ഒരു ആധുനിക പക്ഷിക്കൂട്ടിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കും. പിന്നാലെ ലിസ സിംസൺ “I guess humanity wants its change one birdhouse at a time,” എന്ന് പറയുന്നതായും കാണാം. -ഈ രംഗം മസ്കിന്റെ ട്വിറ്റർ ഏറ്റെടുക്കലിനെ കുറിച്ചുള്ള ദീർഘവീക്ഷണം തന്നെയാണെന്ന് ട്വിറ്ററാട്ടികളും സമ്മതിക്കുന്നുണ്ട്. 

റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയായി 2024 ൽ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ആഗ്രഹം മുൻ യുഎസ് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഈ വാർത്തയ്ക്ക് തൊട്ടുപിന്നാലെ, ഷോയുടെ പ്രൊഡ്യൂസറായ അൽ ജീൻ, “ട്രംപ് 2024” എന്നെഴുതിയ പ്ലക്കാർഡ് പിടിച്ച് ഹോമർ സിംപ്‌സണെ കാണിക്കുന്ന 2015-ലെ ഒരു ക്ലിപ്പ് പോസ്റ്റ് ചെയ്തിരുന്നു.