ന്യൂഡൽഹി: ഉന്നതപഠനത്തിന് യു.കെ തെരഞ്ഞെടുക്കുന്ന അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണത്തിൽ ഇന്ത്യ ഒന്നാമത്. മുൻപ് ചൈനീസ് വിദ്യാർഥികളായിരുന്നു എണ്ണത്തിൽ കൂടുതൽ. യു.കെയുടെ ഔദ്യോഗിക ഇമിഗ്രേഷൻ സ്റ്റാറ്റിസ്ക്സ് റിപ്പോർട്ടനുസരിച്ച് മൂന്ന് വർഷത്തിനിടെ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ 273 ശതമാനം വർധനവാണ് ഉണ്ടായത്.

ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകളനുസരിച്ച് സ്കിൽഡ് വർക്കർ കാറ്റഗറിയിൽ ഏറ്റവും കൂടുതൽ വിസ അനുവദിച്ചതും ഇന്ത്യക്കാർക്കാണ്. 56,044 വർക്ക് വിസകളാണ് കഴിഞ്ഞവർഷം മാത്രം ഇന്ത്യക്കാർക്കായി അനുവദിച്ചത്. ആരോഗ്യമേഖലയിൽ അനുവദിക്കപ്പെട്ട വർക്ക് വിസകളിൽ 36 ശതമാനവും ഇന്ത്യക്കാർക്കാണ്.

2019-ൽ 34,261 ഇന്ത്യക്കാർക്കാണ് പഠന വിസ അനുവദിച്ചതെങ്കിൽ 2022-ൽ സെപ്റ്റംബർ വരെ മാത്രം 1,27,731 വിസകളാണ് അനുവദിച്ചത്. 273 ശതമാനം വർധന. നൈജീരിയ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് മൂന്നിരട്ടിയുടെ വർധനവാണുണ്ടായത്. വിദേശവിദ്യാർഥികളുടെ എണ്ണത്തിൽ ചൈനയാണ് രണ്ടാമത്. ഈ വർഷം 1,16,476 ചൈനീസ് വിദ്യാർഥികൾക്കാണ് സ്റ്റഡി വിസ അനുവദിക്കപ്പെട്ടത്. 2019-ൽ 1,19,231 വിസകളും അനുവദിച്ചു. കഴിഞ്ഞ വർഷം ജൂലൈയിൽ അവതരിപ്പിച്ച പുതിയ ഗ്രാജ്വേറ്റ് റൂട്ട് വിസയിലും ഇന്ത്യക്കാർക്കാണ് ആധിപത്യം. ഈ വിഭാഗത്തിൽ 41 ശതമാനം പേരും ഇന്ത്യക്കാരാണ്.

ലോകമെമ്പാടുമുള്ള മികച്ച സർവകലാശാലകളിലെ മിടുക്കരായ ബിരുദധാരികളെ ജോലിക്കായി യുകെയിലേക്ക് ആകർഷിക്കുന്നതിനായി ഈ വർഷം മെയ് മാസം ആരംഭിച്ച പ്രത്യേക ഹൈ പൊട്ടൻഷ്യൽ ഇൻഡിവിജ്വൽ (എച്ച്പിഐ) വിസ കാറ്റഗറിയിലും 14 ശതമാനം പേർ ഇന്ത്യക്കാരാണ്. എന്നാൽ ലോകത്തെ മികച്ച സർവകലാശാലകളുടെ പേരുകളിൽ ഇന്ത്യൻ സർവകലാശാലകൾ ഉൾപ്പെട്ടിട്ടുമില്ല.