തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ ഡെപ്യൂട്ടി മേയർ പി.കെ. രാജുവിനെതിരെ യു.ഡി.എഫ് കൗൺസിലർമാർമാരുടെ പരാതി. മുദ്രാവാക്യം വിളിച്ചതിൽ പ്രകോപിതനായി രാജു വസ്ത്രം ഉയർത്തിക്കാണിച്ചെന്നും അസഭ്യം പറഞ്ഞെന്നും കൗൺസിലർമാർ ആരോപിക്കുന്നു. രാജുവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർമാർ കമ്മീഷണർക്ക് പരാതി നൽകി.

വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവമെന്നാണ് പരാതിയിൽ പറയുന്നത്. നഗരസഭ കാവടത്തിനുള്ളിൽ സമരം നടത്തുകയായിരുന്ന യു.ഡി.എഫ് കൗൺസിലർമാർ. ഇതിനിടയിൽ കയറിവന്ന പി.കെ രാജു അസഭ്യം പറഞ്ഞുവെന്ന് യു.ഡി.എഫ് കൗൺസിലർ പദ്മകുമാർ പറയുന്നു. അസഭ്യം പറയരുതെന്ന് ആവശ്യപ്പെട്ടപ്പോൾ വസ്ത്രം ഉയർത്തിക്കാണിച്ചെന്നും അദ്ദേഹം ആരോപിച്ചു. വനിതാ കൗൺസിലർമാരടക്കം അവിടെയുണ്ടായിരുന്നുവെന്നും പദ്മകുമാർ കൂട്ടിച്ചേർത്തു.

നഗരസഭയിൽ നടക്കുന്ന സമരം അവസാനിപ്പിക്കാൻ കോടതിയുടെ ഇടപെടലുണ്ടാകണമെന്ന് പി.കെ രാജു ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. പി.കെ രാജു കടന്നുവരുമ്പോൾ ഈ വിഷയത്തിൽ മുദ്രാവാക്യം വിളിച്ചതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചതെന്നും യു.ഡി.എഫ് നൽകിയ പരാതിയിൽ പറയുന്നു. വിഷയത്തിൽ സിസിടിവി ദൃശ്യങ്ങളുണ്ടെന്നും യു.ഡി.എഫ് വ്യക്തമാക്കുന്നു.