പാസഞ്ചർ ട്രെയിനിൽ തീപിടുത്തം. മധ്യപ്രദേശിലെ ബേതുലിൽ നിന്ന് ചിന്ദ്വാരയിലേക്കുള്ള ട്രെയിനിന്റെ കോച്ചുകളിലാണ് തീപിടുത്തമുണ്ടായത്. ട്രെയിനിന്റെ ഒരു ബോഗി തീപിടിത്തത്തിൽ കത്തിനശിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ആദ്യം ഒരു കോച്ചിൽ തീ പടർന്നത് പിന്നീട് ട്രെയിനിന്റെ മറ്റ് രണ്ട് കോച്ചുകളിലേക്കും വ്യാപിക്കുകയായിരുന്നു.

തീ അണയ്ക്കാൻ നാല് ഫയർ ടെൻഡർ ടീമുകൾ സ്ഥലത്തെത്തി. റെയിൽവേ യാർഡിൽ നിർത്തിയിട്ട സമയത്താണ് തീപിടിത്തമുണ്ടായത്. ആളപായം ഒന്നും തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ട് ബോഗികൾ പൂർണമായി കത്തിനശിച്ചപ്പോൾ ഒരെണ്ണം ഭാഗികമായി കത്തിനശിച്ചു. തീപിടുത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല. 

വൈകുന്നേരം 4 മണിക്കാണ് തീപിടുത്തമുണ്ടായത്. ബെതുൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടേണ്ടതായിരുന്നു ട്രെയിൻ. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ റെയിൽവേ ഉദ്യോഗസ്ഥർ അന്വേഷണം നടത്തിവരികയാണ്.