കോഴിക്കോട്: ശശി തരൂരിനെതിരായ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിലപാടിനെ വിമര്‍ശിച്ച് കെ മുരളീധരന്‍. യാതൊരുവിധ വിഭാഗീയതയും ശശി തരൂര്‍ നടത്തിയില്ല. തരൂര്‍ ഒരു നേതാവിനെയും വിമര്‍ശിച്ചിട്ടില്ല. ബലൂണ്‍ പരാമര്‍ശം അനാവശ്യമാണ്. അത്തരം ചര്‍ച്ചയൊന്നും ഇപ്പോള്‍ ആവശ്യമില്ല. അദ്ദേഹത്തിന്റെ ശൈലിയില്‍ പറഞ്ഞതിനെ വേറെ രീതിയില്‍ കാണേണ്ടതില്ല. ആളുകളെ വിലകുറച്ച് കണ്ടാല്‍ ഇന്നലെ മെസിക്ക് പറ്റിയത് പറ്റും. സൗദിയെ വിലകുറച്ച് കണ്ട മെസിക്ക് തലയില്‍ മുണ്ടിട്ട് പോകേണ്ടി വന്നില്ലേയെന്നും മുരളീധരന്‍ ചോദിച്ചു.

ശശി തരൂര്‍ നല്ല എംപിയാണ്. അദ്ദേഹത്തെ വിമര്‍ശിച്ച കാലത്ത് പോലും അദ്ദേഹം നല്ല എംപിയായിരുന്നു. എന്നാല്‍ അദ്ദേഹം നല്ല എംപിയല്ലെന്ന് പറയുന്നത് എതിരാളികള്‍ക്ക് വടികൊടുക്കുന്ന പരിപാടിയാണ്. പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും അവരുടേതായ റോളുണ്ട്. ബൂത്ത് തലം മുതല്‍ പ്രവര്‍ത്തിച്ച് വന്നവര്‍ മാത്രമല്ല സ്ഥാനങ്ങളില്‍ എത്തുന്നത്. നയതന്ത്ര രംഗത്ത് പരിചയമുള്ളവര്‍ ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍ മന്ത്രിയായിട്ടുണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

മലബാർ പര്യടനം തുടരുന്ന ശശി തരൂർ കഴിഞ്ഞ ദിവസം പാണക്കാടെത്തി മുസ്‌ലിം ലീഗ് നേതാക്കളെ കണ്ടിരുന്നു. പാർട്ടി സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി, പിവി അബ്‌ദുൽവഹാബ്, കെപിഎ മജീദ്, പിഎംഎ സലാം എന്നിവരുമായി കൂടിക്കാഴ്‌ച നടത്തി. ഡിസിസി ഓഫീസിലെത്തി കോൺഗ്രസ് നേതാക്കളുമായും തരൂർ കൂടിക്കാഴ്‌ച നടത്തി. എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പങ്കെടുത്തതിന് പിന്നാലെ കേരളത്തിൽ സജീവമാകുന്നതിന്റെ ഭാഗമായാണ് തരൂരിന്റെ മലബാർ പര്യടനം.

പാർട്ടിയെ ഒരുമിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നായിരുന്നു തരൂരിന്റെ പ്രതികരണം. ഒരു വിഭാഗീയ പ്രവർത്തനത്തിനും താനില്ലെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട്ടെ തന്റെ സന്ദർശനത്തിൽ ഒരു അസാധാരണത്വവും ഇല്ല. മലപ്പുറത്ത് എത്തുമ്പോഴെല്ലാം ഇവിടെ എത്താറുണ്ട്. പൊതു രാഷ്ട്രീയ കാര്യങ്ങൾ ലീഗുമായി ചർച്ച ചെയ്‌തുവെന്നും തരൂർ വ്യക്തമാക്കി.