തൃശൂർ: ഈ വർഷത്തെ പൂജാ ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഗുരുവായൂരിൽ വിറ്റ ടിക്കറ്റിനാണെന്ന് വ്യക്തമായെങ്കിലും ഭാഗ്യശാലിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഗുരുവായൂരിൽ പായസക്കട നടത്തുന്ന രാമചന്ദ്രൻ എന്നയാൾ വിറ്റ JC 110398 എന്ന ടിക്കറ്റിനാണ് 10 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്.

ഗുരുവായൂർ കിഴക്കേ നടയിലെ ഐശ്വര്യ ലോട്ടറി ഏജൻസിയിൽനിന്നാണ് ചില്ലറ വിൽപനക്കാരനായ രാമചന്ദ്രൻ ടിക്കറ്റ് വാങ്ഹിയത്. കിഴക്കേനടയിലെ പെട്രോൾ പമ്പിനു സമീപം പായസം ഹട്ട് എന്ന ഷോപ്പ് നടത്തുകയാണ് രാമചന്ദ്രൻ. ഇവിടെ പായസത്തിനൊപ്പം ഭാഗ്യക്കുറി ടിക്കറ്റുകളും രാമചന്ദ്രൻ വിൽക്കാറുണ്ട്. താനും മകനും ഒരുമിച്ചാണ് കച്ചവടം നടത്തുന്നതെന്ന് രാമചന്ദ്രൻ പറഞ്ഞു. 250 ഓളം ടിക്കറ്റ് ഐശ്വര്യയിൽ നിന്ന് വാങ്ങി വിറ്റിട്ടുണ്ട്. അതിലൊന്നിനാണ് ബമ്പർ അടിച്ചതെന്നും ഇദ്ദേഹം പറഞ്ഞു.

നാൽപ്പത് കൊല്ലത്തോളമായി ലോട്ടറി ടിക്കറ്റ് കച്ചവടം തുടങ്ങിയിട്ടെന്ന് രാമചന്ദ്രൻ പറഞ്ഞു. എന്നാൽ ഇക്കാലയളവിൽ വലിയ സമ്മാനങ്ങളൊന്നും അടിച്ചിട്ടില്ലെന്നും, ഇപ്പോഴാണ് ബമ്പർ സമ്മാനം ലഭിക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു.

എന്നാൽ ഇന്ന് പൂജ ബമ്പർ ടിക്കറ്റിന്‍റെ ഫലം വന്നതോടെ പായസം ഹട്ട് എന്ന ഷോപ്പ് പകുതി ഷട്ടർ ഇട്ട നിലയിൽ അടച്ചിട്ടിരിക്കയാണ്. അതിനിടെ ഒന്നാം സമ്മാനത്തിന് അർഹമായ ലോട്ടറി ടിക്കറ്റ് വിറ്റ മൊത്തവിൽപനക്കാരായ ഐശ്വര്യ ലോട്ടറി ഏജൻസിയിൽ ലഡു വിതരണം നടന്നു.