ന്യൂഡല്‍ഹി: രാജ്യത്തെ 71,000 യുവാക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിയമന ഉത്തരവ് നല്‍കും. കേന്ദ്രത്തിന്റെ തൊഴില്‍ മേളയുടെ ഭാഗമായാണ് പുതിയ റിക്രൂട്ട്മെന്റുകള്‍. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ചടങ്ങ്. മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ള ഗുജറാത്തും ഹിമാചല്‍ പ്രദേശും ഒഴികെ രാജ്യത്തുടനീളമുള്ള 45 സ്ഥലങ്ങളില്‍ നിയമന കത്തുകളുടെ കോപ്പികള്‍ കൈമാറും.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള തന്റെ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനുള്ള ഒരു ചുവടുവയ്പ്പാണ് ഈ നീക്കമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും യുവാക്കള്‍ക്ക് അര്‍ത്ഥവത്തായ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിലും ഈ നീക്കം ഉത്തേജകമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഓഫീസ് കൂട്ടിച്ചേര്‍ത്തു.

ഒക്ടോബറില്‍ ആരംഭിച്ച ഈ സംരംഭത്തിലൂടെ ഇതുവരെ 75,000 പേര്‍ക്ക് നിയമന കത്ത് കൈമാറി. വിവിധ സര്‍ക്കാര്‍ വകുപ്പുകളോടും മന്ത്രാലയങ്ങളോടും അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

രാജ്യത്തുടനീളം തിരഞ്ഞെടുക്കപ്പെട്ട പുതിയ റിക്രൂട്ട്‌മെന്റുകൾ 38 സർക്കാർ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായാണ് നടക്കുക. വിവിധ തലങ്ങളിൽ ഇവരെ നിയമിക്കും. കേന്ദ്ര സായുധ സേനാംഗങ്ങൾ, സബ് ഇൻസ്‌പെക്ടർമാർ, കോൺസ്‌റ്റബിൾമാർ, എൽഡിസികൾ, സ്‌റ്റെനോസ്, പിഎമാർ, ഇൻകം ടാക്‌സ് ഇൻസ്പെക്ടർമാർ, എംടിഎസ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും റിക്രൂട്ട്‌മെന്റ് നടക്കും.