ന്യൂഡല്‍ഹി: ചൈനയുമായുള്ള സംഘര്‍ഷത്തിനിടയില്‍ അതിര്‍ത്തിയില്‍ ചൈനീസ് വ്യോമസേനയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഇന്ത്യയുടെ സുപ്രധാന നീക്കം. 10,000 കോടിയിലധികം രൂപ വിലമതിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത റഡാറുകള്‍ നിയന്ത്രണ രേഖയില്‍ (എല്‍എസി) സ്ഥാപിക്കാനാണ് പദ്ധതി. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ റഡാറുകള്‍ വിന്യസിച്ച് നീരീക്ഷണം കര്‍ശനമാക്കാനാണ് വ്യോമസേനയുടെ (ഐഎഎഫ്) തീരുമാനം. 

ലഡാക്ക് സെക്ടറില്‍ ചൈനീസ് വ്യോമസേനയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി പുതിയ റഡാറുകള്‍ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് സേനയെന്ന് ഉന്നത പ്രതിരോധ ഉദ്യോഗസ്ഥര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് കീഴില്‍ നിര്‍മിക്കുന്ന 20 ലോ ലെവല്‍ ട്രാന്‍സ്‌പോര്‍ട്ടബിള്‍ അശ്വിനി റഡാറുകളാണ് അതിര്‍ത്തികളിലെ പ്രതിരോധത്തിനായി ഒരുക്കിയിരിക്കുന്നതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

രാജസ്ഥാന്‍, പഞ്ചാബ്, ഗുജറാത്ത് സെക്ടറുകളിലെ റഡാര്‍ കവറേജ് താരതമ്യേന എളുപ്പമാണെങ്കിലും ജമ്മു-കാശ്മീര്‍ മുതല്‍ വടക്കുകിഴക്കന്‍ അരുണാചല്‍ പ്രദേശ് വരെ പര്‍വതപ്രദേശം കാരണം കവറേജ് വളരെ ബുദ്ധിമുട്ടാണ്. നിലവിലെ സുരക്ഷാ വെല്ലുവിളികള്‍ പരിഗണിച്ച് ഈ മേഖലകളില്‍ മെച്ചപ്പെട്ട റഡാര്‍ കവറേജ് ഒരുക്കാനാണ് തീരുമാനം. 

ലഡാക്കിലെ ഡെംചോക്ക് സെക്ടറില്‍ ഇന്ത്യക്കെതിരെ   യുദ്ധവിമാനങ്ങള്‍ അയച്ച് ചൈനീസ് വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ സമീപത്തെ വ്യോമതാവളങ്ങളില്‍ നിന്ന് ഡെംചോക്ക് സെക്ടറിലേക്ക് യുദ്ധവിമാനങ്ങള്‍ അയച്ച് ഇന്ത്യന്‍ വ്യോമസേന ശക്തമായി പ്രതികരിച്ചു. പിന്നാലെ  ഇന്ത്യന്‍ വ്യോമസേനാ പ്രതിനിധികളും ചൈനീസ് സംഘവും പങ്കെടുത്ത ഡിവിഷന്‍ കമാന്‍ഡര്‍ തലത്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം പ്രശ്‌നം പരിഹരിച്ചു.