ളമിളക്കുന്ന വിഷയങ്ങളില്ലാതെയാണ് ഗുജറാത്ത് ഈ നിയമസഭാതിരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞതവണ പട്ടേല്‍രോഷമായിരുന്നു നിര്‍ണായകം. മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിനുള്ള പുറപ്പാടായിരുന്നു 2012-ലെ സംസ്ഥാനവോട്ടെടുപ്പ്. ഇങ്ങനെ ഗതി നിശ്ചയിച്ചേക്കാമെന്ന് തോന്നുന്ന ഒരു സംഗതി ഇക്കുറി ഡിസംബര്‍ ഒന്നിനും അഞ്ചിനുമായി നടക്കുന്ന വോട്ടെടുപ്പില്‍ ഇതുവരെ ദൃശ്യമല്ല.

ഹനുമാനെ തോല്‍പ്പിക്കുന്ന ഭക്തിയും അതിവൈകാരികതയും വാഗ്ദാനവിലാസങ്ങളുമായി കളംനിറഞ്ഞ് കളിക്കുന്ന കെജ്രിവാളിന്റെ പാര്‍ട്ടി പലമണ്ഡലത്തിലും ത്രികോണമത്സരം സൃഷ്ടിക്കുന്നുവെന്നതാണ് പുതുമ. സര്‍വേകളെല്ലാം ബി.ജെ.പി.ക്ക് തുടര്‍ച്ചയായ ഏഴാംവിജയവും ആം ആദ്മി പാര്‍ട്ടിക്ക് 15 ശതമാനത്തിനുമേല്‍ വോട്ടും കോണ്‍ഗ്രസിന്റെ പിന്നോട്ടുപോക്കുമാണ് പ്രവചിക്കുന്നത്. ബി.ജെ.പി.യില്‍പ്പോലും വിമതര്‍ തലപൊക്കിയിരിക്കെ, നവംബര്‍ 21-ന് രണ്ടാംഘട്ടത്തിലെ പത്രിക പിന്‍വലിക്കല്‍കൂടി കഴിയുമ്പോഴേ മത്സരചിത്രം പൂര്‍ണമായി തെളിയൂ.

ബി.ജെ.പി.യുടെ യു.പി. മോഡല്‍

സ്വാഭാവികമായ ഭരണവിരുദ്ധഘടകങ്ങളെ അതിജീവിക്കാനുള്ള പദ്ധതികള്‍ കഴിഞ്ഞവര്‍ഷം മന്ത്രിസഭയെ മുഴുവന്‍ മാറ്റിയതുമുതല്‍ ബി.ജെ.പി. തുടങ്ങിവെച്ചു. നരേന്ദ്ര-ഭൂപേന്ദ്ര എന്‍ജിന്‍ ലക്ഷം കോടികളുടെ നിക്ഷേപമെത്തിച്ചു. വീടുകളില്‍ കുഴല്‍വഴി വെള്ളമെത്തിക്കുന്നതില്‍ സംസ്ഥാനം 100 ശതമാനം വിജയിച്ചതായി പ്രഖ്യാപിച്ചു. നര്‍മദാജലം കച്ഛില്‍വരെയെത്തിച്ചു. ഒക്ടോബറില്‍മാത്രം ഏഴായിരംകോടി രൂപയുടെ പദ്ധതികളാണ് തുടങ്ങിയത്. ബേത് ദ്വാരകയിലെ കൈയേറ്റമൊഴിപ്പിക്കല്‍മുതല്‍ നറോഡപാട്യ കേസിലെ കുറ്റവാളിയുടെ മകളുടെ സ്ഥാനാര്‍ഥിത്വംവരെയുള്ള നീക്കങ്ങളിലൂടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കനല്‍ ബി.ജെ.പി. അണയാതെ സൂക്ഷിക്കുന്നുമുണ്ട്.

എന്നാല്‍, കോണ്‍ഗ്രസിന്റെ ഒ.ബി.സി., ആദിവാസി വോട്ടുബാങ്കുകളിലേക്ക് കടന്നുകയറാനുള്ള പാര്‍ട്ടിയുടെ ശ്രമം ഈ തിരഞ്ഞെടുപ്പില്‍ വ്യക്തമാണ്. ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയുടെ പിന്നാക്ക വോട്ടുബാങ്കിനെ ലക്ഷ്യമിട്ട തന്ത്രമാണ് ആവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പി.യിലെത്തിയ എം.എല്‍.എ.മാരില്‍ മിക്കവരും വിവിധ ഒ.ബി.സി. വിഭാഗങ്ങളുടെ നേതാക്കള്‍കൂടിയാണ്. ബി.ജെ.പി.യിലെ പഴയ നേതാക്കളെ പലരെയും മാറ്റിയപ്പോഴും ഇവര്‍ക്കെല്ലാം സീറ്റുനല്‍കിയിട്ടുണ്ട്. സൗരാഷ്ട്രയില്‍ കോലി നേതാവ് കുംവര്‍ജി ബാവലിയ, ആഹിര്‍ നേതാവ് ജവഹര്‍ ചവഡ എന്നീ ണ്ടഎം.എല്‍.എ.മാരെ കോണ്‍ഗ്രസില്‍നിന്ന് പുറത്തുകൊണ്ടുവന്നതും വീണ്ടും സ്ഥാനാര്‍ഥികളാക്കിയതും ഉദാഹരണം. വാധ്വനില്‍ പ്രഖ്യാപിച്ചയാളെ മാറ്റി ദല്‍വാഡി സമുദായത്തില്‍നിന്നുള്ളയാളെ ബി.ജെ.പി. നിര്‍ത്തുകയുംചെയ്തു

ഒ.ബി.സി.യിലെ മറ്റൊരു പ്രധാന സമുദായമാണ് ഠാക്കോറുകള്‍. മധ്യ-ഉത്തര ഗുജറാത്തിലാണ് ഇവര്‍ ഏറെയുള്ളത്. കോണ്‍ഗ്രസിന്റെ സംസ്ഥാനപ്രസിഡന്റ് ജഗദീഷ് ഠാക്കോര്‍ ഈ വിഭാഗത്തില്‍നിന്നാണ്. ബി.ജെ.പി. അണികളുടെ എതിര്‍പ്പ് മറികടന്നും ഗാന്ധിനഗര്‍ സൗത്ത് പോലുള്ള ഉറച്ചമണ്ഡലം കൂറുമാറിയെത്തിയ അല്‍പേഷ് ഠാക്കോറിനെ അമിത് ഷാ ഏല്‍പ്പിച്ചതും തന്ത്രപരമായ നീക്കമാണ്.

അമിത് ഷായെ ‘ജനറല്‍ ഡയര്‍’ എന്നും നരേന്ദ്രമോദിയെ ‘അമ്പത്താറിഞ്ച്’ എന്നും അപഹസിച്ചുപോന്ന ഹാര്‍ദിക് പട്ടേലിനെ വീരാംഗാമിലെ സ്ഥാനാര്‍ഥിയാക്കാനും ബി.ജെ.പി. മടിച്ചില്ല. ഭൂപേന്ദ്രപട്ടേലിനെ വീണ്ടും മുഖ്യമന്ത്രിയായും അവതരിപ്പിച്ചു. ലുവ പട്ടേലുമാരുടെ കോദാല്‍ധാം ട്രസ്റ്റിലെ അംഗം രമേഷ് തിലാരയെ രാജ്കോട്ട് സൗത്തില്‍ സ്ഥാനാര്‍ഥിയാക്കി. മുന്നാക്ക സംവരണത്തിന് നിയമപരമായ അനുമതിയുംകിട്ടി. നാല്പതിലധികം പേരാണ് പട്ടേല്‍ സമുദായത്തില്‍നിന്ന് ബി.ജെ.പി. ടിക്കറ്റില്‍ മത്സരിക്കുന്നത്.

കഴിഞ്ഞവട്ടം പട്ടേല്‍മേഖലയില്‍നടന്ന പോരാട്ടം ഇക്കുറി ആദിവാസിമേഖലകളിലേക്ക് മാറിയിട്ടുണ്ട്. 27 ആദിവാസിസംവരണസീറ്റുകളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസ് കുത്തകയാണ്. എന്നാല്‍, അഞ്ച് ആദിവാസി എം.എല്‍.എ.മാരെ കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പി. അടര്‍ത്തിയെടുത്തു. ഇവരില്‍ മൂന്നുപേര്‍ക്കും സീറ്റുനല്‍കി. ഛോട്ടാ ഉദേപുരില്‍ മുന്‍ പ്രതിപക്ഷനേതാവ് മോഹന്‍സിങ് റാഠവയുടെ മകനും സീറ്റുകൊടുത്തു. സംസ്ഥാനപ്രസിഡന്റ് സി.ആര്‍. പാട്ടീലിന്റെ നേതൃത്വത്തില്‍ ശക്തമായ സംഘടനാസംവിധാനം ബി.ജെ.പി.ക്കുണ്ട്. 2021-ലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ സമ്പൂര്‍ണാധിപത്യം നേടാനായി. ഉപതിരഞ്ഞെടുപ്പുകളില്‍ ഭൂരിഭാഗവും വിജയിച്ചു. 182-ല്‍ 150 സീറ്റെന്ന ലക്ഷ്യം നേടാനാവുമെന്നാണ് ഭരണകക്ഷിയുടെ പ്രതീക്ഷ.

പതുങ്ങിക്കിടക്കുന്ന കോണ്‍ഗ്രസ്

പുറമേ വലിയ ബഹളമൊന്നുമില്ലാതെ അടിത്തട്ടിലിറങ്ങി പ്രവര്‍ത്തിക്കുന്ന തന്ത്രമാണ് ഇത്തവണ കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. കഴിഞ്ഞതവണ സംഘടനയെ വിജയത്തിന്റെ പടിക്കല്‍വരെയെത്തിച്ച താരപ്രചാരകന്‍ രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യമാണ് ഇതിന് വഴിവെച്ചത്. പട്ടേല്‍നേതാവ് നരേഷ് പട്ടേലിനെപ്പോലെ ഒരു ജനപ്രിയമുഖത്തെ ഇറക്കാനുള്ള നീക്കവും പാളി. ഓരോ ബൂത്തിലും അഞ്ച് മുഴുവന്‍സമയപ്രവര്‍ത്തകര്‍വഴി പരമാവധി വോട്ടര്‍മാരെ ബൂത്തിലെത്തിക്കുകയാണ് ലക്ഷ്യം. 65 ലക്ഷം പേരുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച പ്രകടനപത്രിക എല്ലാവരിലേക്കും എത്തിക്കാനും ശ്രമിക്കുന്നു.

കോണ്‍ഗ്രസ് പരിവര്‍ത്തന്‍ സങ്കല്പ് യാത്രകള്‍ സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും എത്തിയിട്ടുണ്ട്. രൂക്ഷമായ വിലക്കയറ്റം, മത്സരപരീക്ഷകളിലെ അഴിമതി, മോര്‍ബി ദുരന്തം പുറത്തുകൊണ്ടുവന്ന സ്വകാര്യകമ്പനിവാഴ്ച, കോവിഡ് കൈകാര്യംചെയ്തതിലെ പാളിച്ച തുടങ്ങിയ വിഷയങ്ങള്‍ ജനങ്ങളിലെത്തിക്കുകയാണ് ദൗത്യം. അഞ്ഞൂറുരൂപയ്ക്ക് ഗ്യാസ് സിലിന്‍ഡറുകളും തൊഴില്‍രഹിതവേതനവുംപോലുള്ള വാഗ്ദാനങ്ങള്‍ നിരത്തി വോട്ടുനേടാന്‍ പാര്‍ട്ടി ശ്രമിക്കുന്നു.

പട്ടേല്‍വോട്ടുകള്‍ വിട്ടുപോകാനിടയുള്ളതിനാല്‍ പരമ്പരാഗത വോട്ടുബാങ്ക് വിപുലമാക്കാന്‍ കോണ്‍ഗ്രസ് കൊണ്ടുപിടിക്കുന്നു. ഏഴ് സിറ്റിങ് ണ്ടഎം.എല്‍.എ.മാരെമാത്രമേ മാറ്റിയിട്ടുള്ളൂ. വഗേലയുടെ മകനടക്കം ബി.ജെ.പി. വിട്ടുവന്ന രണ്ടുപേര്‍ക്ക് സീറ്റുനല്‍കി. രാജ്കോട്ടില്‍ ഇന്ദ്രനീല്‍ രാജ്യഗുരു തിരിച്ചെത്തിയത് അര്‍ഥംകൊണ്ടും ആളുകൊണ്ടും ഗുണമാകും. പാര്‍തപി-നര്‍മദ നദീസംയോജനത്തിനെതിരായ സമരം ആദിവാസിമേഖലയില്‍ കോണ്‍ഗ്രസിന് ഉണര്‍വുണ്ടാക്കിയിരുന്നു. ബി.ജെ.പി.ക്ക് ഈ പദ്ധതി ഉപേക്ഷിച്ചതായി പ്രഖ്യാപിക്കേണ്ടിവന്നു. നവസരിയിലെ വന്‍സാഡയില്‍ വീണ്ടും ജനവിധി തേടുന്ന ആദിവാസി യുവനേതാവ് അനന്ത് പട്ടേലിനായിരുന്നു സമരത്തിന്റെ നേതൃത്വം. ഛോട്ടു വസവയുടെ ബി.ടി.പി.യുമായി സഖ്യമില്ലാത്തത് ക്ഷീണമാണ്. എന്നാല്‍, ആ പാര്‍ട്ടിയിലെ കലഹങ്ങള്‍ തങ്ങള്‍ക്ക് ഗുണമായേക്കുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.

തെരുവുകാലി നിയന്ത്രണനിയമത്തിനെതിരേ ഒ.ബി.സി.കളായ പശുപാലകസമുദായത്തിനുള്ള രോഷം ബി.ജെ.പി.ക്ക് വിനയാകുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നുണ്ട്. ഈ നിയമം സര്‍ക്കാരിന് പിന്‍വലിക്കേണ്ടിവന്നു. ക്ഷീരമേഖലയിലെ നേതാവായ വിപുല്‍ ചൗധരിയെ അറസ്റ്റുചെയ്തതുമൂലം ചൗധരി സമുദായത്തിനുണ്ടായ എതിര്‍പ്പ് കോണ്‍ഗ്രസിന് അനുകൂലമാകുമെന്നും പ്രതീക്ഷയുണ്ട്. എന്‍.സി.പി.സഖ്യംകൊണ്ട് വലിയ നേട്ടം പാര്‍ട്ടിക്ക് പ്രതീക്ഷിക്കാനില്ല.

മാസങ്ങള്‍നീണ്ട പ്രചണ്ഡമായ പ്രചാരണത്തിലൂടെ വിജയത്തിലേക്ക് അടുക്കുന്നുവെന്ന പ്രതീതി 2017-ല്‍ കോണ്‍ഗ്രസിന് സൃഷ്ടിക്കാനായിരുന്നു. ഹാര്‍ദിക് പട്ടേല്‍-അല്‍പേഷ് ഠാക്കോര്‍-ജിഗ്‌നേഷ് മേവാനി ത്രയം പാര്‍ട്ടിയിലെത്തുകയും ചെയ്തു. അവരില്‍ മേവാനിമാത്രമേ കോണ്‍ഗ്രസില്‍ ഉറച്ചുനില്‍ക്കുന്നുള്ളൂ. ബില്‍ക്കീസ് ബാനു കേസിലെ പ്രതികളെ മോചിപ്പിച്ച നടപടി റദ്ദാക്കാമെന്ന കോണ്‍ഗ്രസിന്റെ വാഗ്ദാനം, ഒവൈസിയുടെ പാര്‍ട്ടി മുസ്ലിംവോട്ടുകള്‍ ചോര്‍ത്തുന്നത് തടഞ്ഞേക്കാം.

1995-നുശേഷം ക്രമമായി വോട്ടുവിഹിതം കൂടിവരുന്നത് കോണ്‍ഗ്രസിന് പ്രതീക്ഷനല്‍കുന്ന ഘടകമാണ്. മോദി മുഖ്യമന്ത്രിയായിരിക്കുമ്പോഴും ഈ പ്രവണത തുടര്‍ന്നു. കോണ്‍ഗ്രസ് പതുങ്ങിക്കിടക്കുന്നത് ചാടാന്‍തന്നെയാണോയെന്ന് തിരഞ്ഞെടുപ്പുഫലം വരുമ്പോഴേ അറിയാനാകൂ.


ആപ്പിന്റെ പടയോട്ടം

വാഗ്ദാനങ്ങളുടെ പെരുമഴയുമായി തിരഞ്ഞെടുപ്പിന്റെ അജന്‍ഡ നിശ്ചയിക്കുന്നത്, കഴിഞ്ഞതവണ ഒരുമണ്ഡലത്തിലും കെട്ടിവെച്ച കാശുപോലും കിട്ടാത്ത ആം ആദ്മി പാര്‍ട്ടിയാണ്. അവരുടെ മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്രിവാളും ഭഗവന്ത്സിങ് മനും ഗുജറാത്തിലെ എല്ലാ ജില്ലയിലും പലവട്ടം പ്രചാരണംനടത്തിക്കഴിഞ്ഞു.

പഴയ പട്ടേല്‍സമരനേതാക്കളെല്ലാം ചൂലെടുത്ത സൂറത്തിലാണ് ആം ആദ്മി പാര്‍ട്ടി കടുത്ത മത്സരം കാഴ്ചവെക്കുന്നത്. സംസ്ഥാനപ്രസിഡന്റ് ഗോപാല്‍ ഇടാലിയ, അല്‍പേഷ് കഥീരിയ, ധാര്‍മിക് മാളവ്യ, മനോജ് സൊറഠിയ എന്നിവരുടെ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പ്രചാരണത്തിലെങ്കിലും മൂന്നാമതാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇസുദാന്‍ ഗഢ്വി മത്സരിക്കുന്ന ഖംഭാലിയയുള്‍പ്പെടെ സൗരാഷ്ട്രയിലെ പല മണ്ഡത്തിലും ആപ്പിനൊപ്പം ആളുകള്‍ ധാരാളമുണ്ട്. തെക്കന്‍ ഗുജറാത്തില്‍ ദഡിയാപാഡയിലെ ചൈതര്‍ വസാവ, നന്ദോദിലെ പ്രഫുല്‍ വസാവ തുടങ്ങിയ മികച്ച ആദിവാസി പ്രവര്‍ത്തകര്‍ അവരുടെ സ്ഥാനാര്‍ഥികളാണ്.

ആപ്പ് പിടിക്കുന്നത് ആരുടെ വോട്ടുകളായിരിക്കുമെന്ന ആശങ്കയിലാണ് എല്ലാവരും. കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലെ അനുഭവംവെച്ച് കോണ്‍ഗ്രസിനാകും ക്ഷീണമെന്ന് ബി.ജെ.പി. കരുതുന്നു. പക്ഷേ, നഗരങ്ങളില്‍ തങ്ങള്‍ക്ക് ഒരിക്കലും കിട്ടാത്ത 66 സീറ്റുണ്ടെന്നും അവിടെ ബി.ജെ.പി.യുടെ വോട്ടാണ് ആം ആദ്മി പാര്‍ട്ടി കൊണ്ടുപോവുകയെന്നുമാണ് കോണ്‍ഗ്രസ് നേതാവ് പരേശ് ധാനാണി പറയുന്നത്. ‘എനിക്കൊരു അവസരം തരൂ; ഗുണമില്ലെങ്കില്‍ അടിച്ചുപുറത്താക്കൂ’ എന്ന് തെരുവുകളില്‍ അപേക്ഷിക്കുന്ന കെജ്രിവാള്‍ ഹിന്ദുത്വയിലൊഴികെ പലതിലും മോദിയുടെ ബദലാണ്.