കൊച്ചി: ലോകകപ്പിൽ മെസ്സിയും നെയ്മറും റൊണാൾഡോയും എംബാപ്പെയുമെല്ലാം മുട്ട കഴിക്കുന്നെങ്കിൽ അത് ഇന്ത്യൻ മുട്ടയായിരിക്കും. ഖത്തറിലേക്ക് മാത്രം മാസം ആറുകോടി മുട്ടകളാണ് ഇന്ത്യയുടെ ‘മുട്ട സാമ്രാജ്യമായ’ തമിഴ്‌നാട്ടിലെ നാമക്കലിൽനിന്നു പോകുന്നത്. സാധാരണ പ്രതിമാസം ഒരുകോടി മാത്രമാണു കയറ്റിയയച്ചിരുന്നത്. യുക്രൈൻ യുദ്ധവും ഫുട്‌ബോൾ ലോകകപ്പുമാണ് ഇന്ത്യൻ മുട്ടയുടെ തലവര മാറ്റിയത്.

തമിഴ്‌നാട്ടിലെ നാമക്കല്ലിലെ ആയിരത്തിലേറെ വരുന്ന കോഴിഫാമുകളിലാണ് ഇന്ത്യയിലെ മുട്ട-ഇറച്ചിക്കോഴി ഉത്പാദനത്തിന്റെ 80 ശതമാനത്തിലേറെയും. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലേക്കും മധ്യേഷ്യൻ രാജ്യങ്ങളിലേക്കും മുട്ടയും ഇറച്ചിയും എത്തുന്നത് ഇവിടെനിന്നാണ്. മലയാളികൾ ഉൾപ്പെടെയുള്ള വ്യാപാരികൾ നാമക്കലിലും സമീപപ്രദേശങ്ങളിലുമായി കോഴിഫാമുകൾ നടത്തുന്നുണ്ട്. പ്രതിദിനം നാലരക്കോടിയാണ് നാമക്കലിന്റെ മുട്ടയുത്പാദനം. ഇതിൽ ഒന്നേകാൽ കോടി കേരളത്തിലെത്തുന്നു.

മധ്യേപൂർവ ഏഷ്യയിലെ മുട്ട കയറ്റുമതിയിൽ തുര്‍ക്കിയും യുക്രൈനുമാണ് ഇന്ത്യയുടെ പ്രധാന എതിരാളികൾ. റഷ്യയുമായുള്ള യുദ്ധത്തോടെ യുക്രൈന്റെ മുട്ടയുത്പാദനം കുത്തനെ കുറഞ്ഞു. അതോടെ യൂറോപ്യൻ വിപണി പിടിക്കാൻ ടർക്കി കയറ്റുമതി കൂട്ടി. മുട്ടയുടെ വിലയും ഉയർന്നു. 360 മുട്ടകളടങ്ങുന്ന ഒരു ബോക്‌സിന് 36-37 യു.എസ്. ഡോളറാണ് തുര്‍ക്കിയുടെ വില. അതേസമയം ഇന്ത്യയിൽനിന്നുള്ള മുട്ടയ്ക്ക് 30-31 ഡോളറാണ് വില. ഇതോടെ മധ്യപൂർവേഷ്യൻ രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള മുട്ടയിറക്കുമതി കൂട്ടി.

ലോകകപ്പ് വന്നതോടെ ഖത്തറും ഇറക്കുമതി കൂട്ടി. വില കുറഞ്ഞു നിൽക്കുന്നതിനാൽ മധ്യപൂർവ ഏഷ്യൻ രാജ്യങ്ങളിൽനിന്ന് ഇനിയും ആവശ്യമുയരുമെന്നാണ് കണക്കാക്കുന്നതെന്ന് തമിഴ്‌നാട് പൗൾട്രി ഫാർമേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ. സിംഗരാജ് പറഞ്ഞു.