മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ഹിന്ദുക്കളെ അപമാനിച്ചെന്ന ആരോപണവുമായി ബിജെപി. കമല്‍നാഥ്, ക്ഷേത്രത്തിന്റെ ആകൃതിയിലുള്ള ജന്മദിന കേക്ക് മുറിക്കുന്ന വീഡിയോ വൈറലായതിനെത്തുടര്‍ന്നാണ് വിവാദമുണ്ടായത്. കാവി പതാകയും മുകളില്‍ ഹനുമാന്റെ ചിത്രവുമുള്ള ക്ഷേത്രാകൃതിയിലുള്ള കേക്ക് കമല്‍നാഥ് മുറിക്കുന്നതായുളള വീഡിയോയാണ് പ്രചരിച്ചത്.

അദ്ദേഹത്തിന്റെ ജന്മനാടായ ചിന്ദ്വാരയില്‍ 3 ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു കമല്‍.  നവംബര്‍ 18 ന് വരാനിരിക്കുന്ന ജന്മദിനം അദ്ദേഹത്തിന്റെ അനുയായികള്‍ മുന്‍കൂട്ടി ആഘോഷിച്ചതായാണ് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.ചിന്ദ്വാരയിലെ മുന്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ ചൊവ്വാഴ്ച വൈകിട്ടായിരുന്നു ആഘോഷം.വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതോടെ, നിരവധി മതചിഹ്നങ്ങളുള്ള കേക്ക് മുറിച്ച് കമല്‍നാഥ് വികാരം വ്രണപ്പെടുത്തിയെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ആരോപിച്ചു.

‘അദ്ദേഹവും (കമല്‍നാഥും) അദ്ദേഹത്തിന്റെ പാര്‍ട്ടിയും വ്യാജ ഭക്തരാണ്, അവര്‍ക്ക് ദൈവവുമായി യാതൊരു ബന്ധവുമില്ല. ഒരിക്കല്‍ രാമക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ത്ത അതേ പാര്‍ട്ടിയെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. എന്നാല്‍ ഇത് തിരഞ്ഞെടുപ്പില്‍ തങ്ങളെ ദോഷകരമായി ബാധിക്കുന്നുവെന്ന് മനസിലാക്കിയ അദ്ദേഹം ഹനുമാന്‍ ഭക്തനായി മാറി’ അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. അവര്‍ ഹനുമാന്റെ ചിത്രം കേക്കില്‍ പതിപ്പിക്കുകയും പിന്നീട് അത് മുറിക്കുകയും ചെയ്തു. ഇത് ഹിന്ദു മതത്തെയും സനാതന പാരമ്പര്യത്തെയും അപമാനിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.