ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും. അനധികൃത ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഹേമന്ത് സോറനെ ഇഡി ചോദ്യം ചെയ്യുന്നത്. റാഞ്ചിയിലെ റീജിയണൽ ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ. ഈ സഹചര്യത്തിൽ ഓഫീസിന് പുറത്തെ് സുരക്ഷ കൂട്ടിയിട്ടുണ്ട്. വൻ പോലീസ് സേനയെയാണ് ഓഫീസിന് പുറത്ത് വിന്യസിച്ചിരിക്കുന്നത്. 

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ചോദ്യം ചെയ്യുന്നതിനും മൊഴി രേഖപ്പെടുത്തുന്നതിനുമായി മുഖ്യമന്ത്രിയോട് ഇന്ന് ഇഡി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. നവംബർ മൂന്നിന് ഹാജരാണമെന്നാണ് ഇഡി നേരത്തെ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഔദ്യോഗിക ഇടപെടലുകൾ ചൂണ്ടിക്കാട്ടി അദ്ദേഹം മറ്റൊരു ദിവസം ഹാജരാകാമെന്ന് അറിയിക്കുകയായിരുന്നു. 

ജാർഖണ്ഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജാർഖണ്ഡ് മുക്തി മോർച്ച പ്രവർത്തകർ റാഞ്ചിയിൽ ഒത്തുകൂടിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഇഡി ഓഫീസിലേക്കുള്ള യാത്രയിൽ ജെഎംഎം പ്രവർത്തകരും അദ്ദേഹത്തെ അനുഗമിച്ചേക്കും. സംഘർഷ സാദ്ധ്യത കണക്കിലെടുത്താണ് അധിക പോലീസ് സേനയെ പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. കേസിൽ സോറന്റെ രാഷ്ട്രീയ സഹായി പങ്കജ് മിശ്രയെയും മറ്റ് രണ്ട് പേരെയും ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. 

പ്രാദേശിക നേതാക്കളായ ബച്ചു യാദവ്, പ്രേം പ്രകാശ് എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേർ. സംസ്ഥാനത്ത് ഇതുവരെ 1000 കോടിയിലധികം രൂപയുടെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട അഴിമതിയാണ് കണ്ടെത്തിയതെന്ന് അന്വേഷണ ഏജൻസി വ്യക്തമാക്കിയിരുന്നു.