ചെന്നൈ: ഗവര്‍ണര്‍മാര്‍ റബ്ബര്‍ സ്റ്റാമ്പുകളല്ലെന്നും ലോകായുക്ത പോലുള്ള സ്ഥാപനങ്ങളുടെ ഭരണഘടനാ ബാധ്യത നിറവേറ്റേണ്ടത് സംസ്ഥാന തലവന്‍മാരുടെ കടമയാണെന്നും തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ പിരിച്ചുവിടാനുള്ള സംസ്ഥാന ലോകായുക്തയുടെ അധികാരം എടുത്തുകളയുന്ന ബില്ലില്‍ ഒപ്പിടാത്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കത്തെ അദ്ദേഹം പിന്തുണച്ചു.

ബില്ലില്‍ ഒപ്പിടാന്‍ കേരള ഗവര്‍ണര്‍ വിസമ്മതിച്ചതിന് കാരണമുണ്ടെന്ന് ആര്‍എന്‍ രവി പറഞ്ഞു. ലോകായുക്ത പോലൊരു സ്ഥാപനം പരാജയപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് രാജ്ഭവന്‍ ഉള്‍പ്പെടെയുള്ള ഭരണഘടന സ്ഥാപനങ്ങളുടെ കടമയാണെന്നും ആര്‍എന്‍ രവി വ്യക്തമാക്കി.

തമിഴ്നാട് ഭരിക്കുന്ന ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) സര്‍ക്കാര്‍, പൊതുനന്മയ്ക്കുവേണ്ടി രൂപീകരിച്ച പല ബില്ലുകളും ഗവര്‍ണര്‍ അംഗീകരിക്കുന്നില്ലെന്ന് ആരോപിക്കുന്ന സമയത്താണ് ആര്‍എന്‍ രവി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കേരള സര്‍ക്കാരും ഗവര്‍ണറായ ആരിഫ് മുഹമ്മദ് ഖാനുമായി തര്‍ക്കത്തിലാണ്.