ജലന്ധർ റെയിൽവേ സ്റ്റേഷനിൽ സ്യൂട്ട്കേസിൽ തള്ളിയ നിലയിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്‌ച രാവിലെ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് ചുവന്ന സ്യൂട്ട്കേസ് കിടക്കുന്നത് വഴിയാത്രക്കാരനാണ് കണ്ടതെന്ന് പോലീസ്‌ അറിയിച്ചത്. തുടർന്ന് കുറച്ച് സമയത്തിന് ശേഷം, ആരും സ്യൂട്ട്കേസ് എടുക്കാൻ വരുന്നില്ലെന്ന് മനസിലാക്കിയ വഴിയാത്രക്കാരൻ സ്യൂട്ട്കേസിന് സമീപം ചെന്ന് നോക്കുകയായിരുന്നു. 

പിന്നീട് ഇതിൽ ഒരു കാൽ തൂങ്ങിക്കിടക്കുന്നത് ഇയാൾ കാണുകയായിരുന്നു. ഇയാൾ വിഷയം ഉടൻ റെയിൽവേ പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഫോറൻസിക് സംഘവും ഡോഗ് സ്‌ക്വാഡും ഉൾപ്പെടെ പോലീസ് സംഘം സ്ഥലത്തെത്തി. പോലീസ് സംഘം സ്യൂട്ട്കേസ് കസ്‌റ്റഡിയിലെടുത്ത് മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് അയച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.