മുംബൈ: അടുത്തിടെ മുംബൈയിലെ സെഷന്‍സ് കോടതിയില്‍ വിചിത്രമായ ഒരു സംഭവമുണ്ടായി. ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഗുണ്ടാനേതാവ് അജ്ജു യൂസഫ് ലക്ഡവാല ഒരു കുപ്പി നിറയെ ചത്ത കൊതുകുകളുമായി കോടതിയില്‍ ഹാജരായി. തലോജ സെന്‍ട്രല്‍ ജയിലിനുള്ളില്‍ കൊതുകുവല ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷ യൂസഫ് കോടതിക്ക് മുമ്പാകെ വെച്ചതോടെയാണ് കണ്ട് നിന്നവരുടെ ഞെട്ടല്‍ മാറിയത്. പിന്നാലെ അപേക്ഷ കോടതി തള്ളി.

അധോലോക നായകന്‍ ഛോട്ടാ രാജന്‍ ഉള്‍പ്പെടെ പ്രതിയായ കേസിലാണ് യൂസഫിനെ മുംബൈയിലെ പ്രത്യേക സിബിഐ കോടതിയില്‍ ഹാജരാക്കിയത്. ഡല്‍ഹി തിഹാര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഛോട്ടാ രാജന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് കേസിന്റെ വാദം കേള്‍ക്കുന്നത്.

‘ഉദ്യോഗസ്ഥര്‍ കൊതുകുവല പിഴുതെറിഞ്ഞു’

ജയിലില്‍ കൊതുക് ശല്യം രൂക്ഷമാണെന്നും ഡികെ റാവുവിനെപ്പോലുള്ള മറ്റ് ഗുണ്ടാനേതാക്കള്‍ക്ക് കൊതുകുവല അനുവദിച്ചിട്ടുണ്ടെന്നും യൂസഫ് ആരോപിച്ചു. തന്നോട് ജയില്‍ അധികൃതര്‍ വിവേചനം കാണിക്കുകയാണ്. രണ്ട് വര്‍ഷമായി തന്റെ പക്കല്‍ കൊതുക് വലയുണ്ടായിരുന്നെങ്കിലും ജയില്‍ അധികൃതര്‍ അത് എടുത്തുമാറ്റിയെന്നും ഇയാള്‍ പറഞ്ഞു.

സംഭവത്തില്‍ തലോജ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രത്യേക ജഡ്ജി എ എം പാട്ടീല്‍ പരിശോധിച്ചു. കൊതുകുവലയ്ക്കായി യൂസഫ് നല്‍കിയ അപേക്ഷയെ ജയില്‍ സൂപ്രണ്ട് ശക്തമായി എതിര്‍ത്തിരുന്നു.മഹാരാഷ്ട്ര ജയില്‍ ചട്ടത്തിലെ ചാപ്റ്റര്‍-26 ചട്ടം-17 പ്രകാരം തടവുകാര്‍ക്ക് കൊതുകുവല കെട്ടുന്നതിന് കയറും ആണിയും നല്‍കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. തടവുകാരുടെ സുരക്ഷയ്ക്കായി വല നല്‍കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തടവുകാര്‍ക്ക് ഒഡോമോസും മറ്റ് കൊതുകുനിവാരണ മാര്‍ഗങ്ങളും  ഉപയോഗിക്കാം. അതിനാല്‍ അപേക്ഷ നിരസിക്കണമെന്ന് സൂപ്രണ്ട് കോടതിയോട് അപേക്ഷിച്ചു.

‘ഓഡോമോസും നാച്ചുറല്‍ ക്രീമും പുരട്ടുക’

സൂപ്രണ്ടിന്റെ വിശദീകരണം പരിശോധിച്ച ജഡ്ജി കൊതുകുവലയ്ക്കുള്ള അപേക്ഷ നിരസിക്കുകയും കൊതുകിനെ തുരത്താന്‍ ഒഡോമോസും മറ്റ് പ്രകൃതിദത്ത ക്രീമുകളും ഉപയോഗിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. മുമ്പും  തലോജ ജയിലിലെ തടവുകാര്‍ മുംബൈയിലെ വിവിധ കോടതികളില്‍ കൊതുക് ശല്യത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. 

എല്‍ഗാര്‍ പരിഷത്ത് കേസില്‍ കുറ്റാരോപിതനായ പ്രൊഫസര്‍ ആനന്ദ് തെല്‍തുംബ്ഡെ തന്റെ അഭിഭാഷക ദീപ പുഞ്ജ്വാനി മുഖേന ഒരു അപേക്ഷ നല്‍കിയിരുന്നു. താന്‍ ആസ്ത്മ ബാധിതനാണെന്നും തലോജ ജയിലിന്റെ ആശുപത്രിയില്‍ തുടരുന്നതിനാല്‍ ഒഡോമോസും മറ്റ് കൊതുക് നിവാരണ മരുന്നുകളും ഉപയോഗിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ജയിലില്‍ കൊതുകുവല ഉപയോഗിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. എന്നാല്‍ മുംബൈയിലെ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജയില്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.