ഡല്‍ഹി: ഡല്‍ഹിയില്‍ നാളെ മുതല്‍ പ്രൈമറി സ്‌കൂളുകള്‍ അടച്ചിടുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. തലസ്ഥാന നഗരിയിലെ വായു ഗുണനിലവാരം മെച്ചപ്പെടുന്നതുവരെയാകും സ്‌കൂളുകള്‍ അടച്ചിടുക. രൂക്ഷമായ അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് സ്‌കൂളുകള്‍ അടച്ചിടണമെന്ന് ഡല്‍ഹി ബിജെപി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. അഞ്ചാം ക്ലാസിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ഔട്ട്‌ഡോര്‍ സ്‌പോര്‍ട്‌സ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയാണെന്നും മലിനീകരണ വിരുദ്ധ നടപടികളെക്കുറിച്ചു സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. 

കൃഷിയിടങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നതിനെക്കുറിച്ചപം കെജ്രിവാള്‍ പറഞ്ഞു. വൈക്കോല്‍ കത്തിച്ചതിന് പഞ്ചാബ് സര്‍ക്കാരാണ് ഉത്തരവാദി,അടുത്ത വര്‍ഷത്തോടെ  ഇത് ഗണ്യമായി കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലിനീകരണമുണ്ടാക്കുന്ന കാര്‍ഷിക രീതികള്‍ക്ക് കര്‍ഷകരെ കുറ്റപ്പെടുത്താനാവില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെജ്രിവാള്‍ പറഞ്ഞു. എഎപിയുടെ നേതൃത്വത്തിലുള്ള പഞ്ചാബ് സര്‍ക്കാര്‍ വൈക്കോല്‍ കത്തിക്കുന്നതിന്റെയും അതുമൂലമുണ്ടാകുന്ന മലിനീകരണത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

‘ഈ പ്രശ്‌നപരിഹാരത്തിനായി അടുത്ത വര്‍ഷത്തോടെ നടപടികള്‍ കൈക്കൊള്ളും, കാര്‍ഷികാവശിഷ്ടങ്ങളുടെ തീയിടല്‍ കുറയ്ക്കാന്‍ കര്‍ഷകരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹിയിലെ മോശം വായുവിന്റെ കാര്യത്തില്‍ കേന്ദ്രം ഇടപെടണമെന്നും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഉത്തരേന്ത്യയെ മലിനീകരണത്തില്‍ നിന്ന് രക്ഷിക്കാന്‍ കേന്ദ്രം പ്രത്യേക നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ഇത് രാഷ്ട്രീയ പഴിചാരലിനുളള സമയമല്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.കൃഷിയിടങ്ങളിലെ തീയിടലും മറ്റ് സാഹചര്യങ്ങളും ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചികയെ ഇന്നലെ അതിഗുരുതര വിഭാഗത്തിലേക്ക് നയിച്ചിരുന്നു. വായു ഗുണനിലവായര സൂചിക 450 കടന്നത് ഡല്‍ഹിയിലെ സ്ഥിതിഗതികളുടെ ഗൗരവം സൂചിപ്പിക്കുന്നു. ഡല്‍ഹി മുഴുവനും റെഡ് സോണിലാണ് ഇത് ആശങ്കാജനകമാണ്.