സ്ഫടികം റീമാസ്റ്ററിംങ് ഈ വർഷം അവസാനം പുറത്തിറങ്ങുമെന്ന്‌ സംവിധായകൻ ഭദ്രൻ. മോഹൻലാലും, തിലകനും, ഉർവ്വശിയും, സിൽക്ക് സ്മിതയുമെല്ലാം തകർത്ത് അഭിനയിച്ച മലയാള ചലചിത്ര ചരിത്രത്തിലെ എക്കാലത്തേയും സൂപ്പർ ഹിറ്റുകളിലൊന്നായ സ്ഫടികം വീണ്ടും വെള്ളിത്തിരയിലേക്ക്..

സ്ഫടികത്തിൻ്റെ സംവിധായകനായ ഭദ്രൻ കൂടി ഉൾപ്പെട്ട ജിയോ മെട്രിക്സ് എന്ന കമ്പനിയാണ് റീമാസ്റ്ററിംങിന് പിന്നിലുള്ളത്. ചിത്രം10 മടങ്ങ് ക്വാളിറ്റിയിലും ടെക്നിക്കൽ എക്സലെൻസിയിലുമാകും പ്രേക്ഷകർക്ക് മുന്നിലെത്തുക. അതിന്റെ ഒറിജിനൽ നെഗറ്റീവിൽ നിന്നുള്ള പെർഫെക്ട് റീമാസ്റ്ററിംഗ്,
പ്രൊഡ്യൂസർ ആർ. മോഹനിൽ നിന്ന് വാങ്ങി തിയേറ്ററിൽ എത്തിക്കാനുള്ള അവസാന പണിപ്പുരയിലാണ് ഭദ്രനും സംഘവും.

ചെന്നൈയിലെ 4 ഫ്രെയിംസ് സൗണ്ട് കമ്പനിയിൽ അതിന്റെ 4 കെ അറ്റ് മോസ് മിക്സിങ്ങിന് പുറമേ ഏറെ പുതുമകളും ചേർത്ത് ആണ് തിയേറ്റർ റിലീസിലേക്ക് ഒരുക്കി കൊണ്ടിരിക്കുന്നത്. 1995-ൽ പുറത്തിറങ്ങിയ സ്ഫടികത്തിൻ്റെ കഥയും ഭദ്രന്റേത് തന്നെയാണ്.

ഈ ചിത്രത്തിൽ ആടുതോമ എന്ന നായക കഥാപാത്രമായി മോഹൻലാൽ പ്രേക്ഷക മനസിലേക്ക് സൂപ്പർ സ്റ്റാർ പദവി ഊട്ടി ഉറപ്പിച്ചപ്പോൾ ജോർജ്ജ് വില്ലനായി അരങ്ങേറ്റം കുറിച്ചു. acvnews

ഈ കഥാപാത്രത്തിന്റെ വിജയത്തെത്തുടർന്ന് ജോർജ്ജ് പിന്നീട് സ്ഫടികം ജോർജ്ജ് എന്നറിയപ്പെടാൻ തുടങ്ങി. തിലകൻ, രാജൻ പി. ദേവ്, ഇന്ദ്രൻസ്, ഉർവ്വശി, ചിപ്പി, കെ.പി.എ.സി. ലളിത, സിൽക്ക് സ്മിത എന്നിങ്ങനെ പ്രഗൽഭരായ താരനിര തന്നെ ചിത്രത്തിലുണ്ട്. ഈ വർഷം അവസാനത്തോടെ ചിത്രം വീണ്ടും തീയറ്ററിലെത്തിക്കാമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.