സാൻ ഫ്രാൻസിസ്കോ: ട്വിറ്ററിൻറെ നിയന്ത്രണം ഏറ്റെടുത്തതിനു പിന്നാലെ സി.ഇ.ഒ പരാഗ് അഗ്രവാൾ ഉൾപ്പെടെ ട്വിറ്റർ തലപ്പത്തുള്ള പ്രധാനപ്പെട്ട നാല് ഉദ്യോഗസ്ഥരെയാണ് ഇലോൺ മസ്ക് പുറത്താക്കിയത്. പരാഗിന് പുറമേ ചീഫ് ഫിനാൻഷ്യൽ ഓഫീസർ നഡ് സെഗാൾ, ലീഗൽ ഹെഡ് വിജയ് ഗഡ്ഡെ എന്നിവരെയും 2012 മുതൽ ട്വിറ്ററിന്റെ ജനറൽ കൗൺസിലായ സീൻ എഡ്ഗറ്റിനെയും പുറത്താക്കിയതായാണ് റിപ്പോർട്ട്. ഇതോടെ ട്വിറ്ററിന്റെ സി.ഇ.ഒ. ആയിരുന്ന പരാഗിന് ട്വിറ്റർ നഷ്ടപരിഹാരമായി നൽകേണ്ടി വരിക വൻ വൻതുകയെന്ന് റിപ്പോർട്ട്.

ഒരുവർഷത്തിനുള്ളിൽ ഇന്ത്യൻ വംശജനായ പരാഗ് അഗ്രവാളിനെ സി.ഇ.ഒ സ്ഥാനത്ത് നിന്ന് മാറ്റിയാൽ അദ്ദേഹത്തിന് നഷ്ടപരിഹാരമായി ഏകദേശം 4.2 കോടി ഡോളർ (3,457,145,328 രൂപ) നൽകേണ്ടി വരുമെന്നാണ് കമ്പനി നൽകിയിരിക്കുന്ന വാഗ്ദാനമെന്നാണ് വിവരം. അഗ്രവാളിന്റെ ഒരു വർഷത്തെ അടിസ്ഥാന ശമ്പളവും എല്ലാ ഇക്വിറ്റി ആനുകൂല്യങ്ങളും മറ്റും കണക്കിലെടുത്താണ് ഈ റിപ്പോർട്ട്. ഓഹരി ഒന്നിന് 54.20 ഡോളറാണ് മസ്ക് ഓഹരിയുടമകൾക്ക് നൽകുക എന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

ട്വിറ്ററിന്റെ ചീഫ് ടെക്നോളജി ഓഫീസറായിരുന്ന പരാഗ് അഗ്രവാൾ കഴിഞ്ഞ നവംബറിലാണ് ട്വിറ്ററിന്റെ സിഇഒ ആവുന്നത്. 2021 ൽ അദ്ദേഹത്തിന് ആകെ ലഭിച്ചത് 3.04 കോടി ഡോളറാണ്.

ട്വിറ്ററിന്റെ തന്നെ ചീഫ് ടെക്നിക്കൽ ഓഫീസറായി ജോലി ചെയ്തുവന്നിരുന്ന പരാഗിനെ മുൻ മേധാവി ജാക്ക് ഡോർസിയുടെ പകരക്കാരനായി കമ്പനി തിരഞ്ഞെടുത്തത്. ട്വിറ്റർ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ജാക്ക് ഡോർസി ട്വിറ്ററുമായുള്ള 16 വർഷത്തെ ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെയായിരുന്നു ഇത്. മുംബൈ സ്വദേശിയായി പരാഗ് അഗ്രവാൾ ഐഐടി ബോംബെയിൽ നിന്നാണ് ബിരുദം നേടിയത്. കൂടാതെ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡിയും നേടി.

2011 ഒക്ടോബറിൽ ആഡ്സ് എഞ്ചിനീയറായി ട്വിറ്ററിൽ ചേർന്ന അദ്ദേഹം താമസിയാതെ തന്നെ കമ്പനിയുടെ സോഫ്റ്റ്വെയർ എഞ്ചിനീയർ എന്ന പദവിയിലേക്ക് ഉയർന്നു. ഒരു പതിറ്റാണ്ടിലേറെയായി കമ്പനിയിൽ ജോലി ചെയ്തു വന്നിരുന്ന അദ്ദേഹത്തെ 2017 ഒക്ടോബറിലാണ് ചീഫ് ടെക്നോളജി ഓഫീസറായി നിയമിച്ചത്. ട്വിറ്ററിൽ ചേരുന്നതിന് മുമ്പ്, മൈക്രോസോഫ്റ്റ്, യാഹൂ, എടി ആൻഡ് ടി ലാബ്സ് എന്നിവിടങ്ങളിൽ ഗവേഷണ വിഭാഗത്തിൽ അഗർവാൾ ജോലി ചെയ്തിരുന്നു.

അതേസമയം മസ്കിന് കീഴിൽ ജോലിചെയ്യാൻ താത്പര്യമില്ലാത്തവർ ഇതിനോടകം തന്നെ ജോലി ഉപേക്ഷിച്ചിട്ടുണ്ട്. എന്നാൽ, തന്നെ പുറത്താക്കിയ മസ്കിന്റെ നടപടിയെ ചോദ്യംചെയ്ത് പരാഗ് കോടതിയെ സമീപിച്ചിട്ടുണ്ട്.