ഹൈദരാബാദിലെ മെഹ്ദിപട്ടണത്ത് തിങ്കളാഴ്ച ദീപാവലി ആഘോഷത്തിനിടെ ഉണ്ടായ അപടത്തില്‍ നിരവധി പേരുടെ കണ്ണിന് സാരമായ പരിക്കേറ്റു. പടക്കം പൊട്ടിക്കുന്നതിനിടെയാണ് 24 പേരുടെ കണ്ണിന് പരിക്കേറ്റത്. പരിക്കേറ്റ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ മെഹ്ദിപട്ടണത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സരോജിനി ദേവി കണ്ണാശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം, ദീപാവലിയോടനുബന്ധിച്ച് നിരോധിത പടക്കങ്ങള്‍ വില്‍ക്കുന്ന വ്യാപാരികള്‍ക്കും കടകള്‍ക്കുമെതിരെ തെലങ്കാന സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് (ടിഎസ്പിസിബി) അടുത്തിടെ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവരെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചായിരുന്നു പരിശോധനകള്‍. 

ഒക്ടോബര്‍ 24 തിങ്കളാഴ്ച ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഹിന്ദുക്കള്‍ ദീപാവലി ആഘോഷിച്ചു. എല്ലാ ദീപാവലിയിലും ആന്ധ്രാപ്രദേശിലെ ആളുകള്‍ പ്രാര്‍ത്ഥനകള്‍ മുഴക്കുകയും ലക്ഷ്മി ദേവിയുടെ കളിമണ്‍ വിഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്യുന്നു. തുടര്‍ന്ന്, പ്രിയപ്പെട്ടവരുമായി സന്തോഷത്തോടെ ദീപാവലി ആഘോഷിക്കുന്നു.