ന്യൂയോര്‍ക്ക്: യുകെയുടെ ആദ്യ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രിയായി ഋഷി സുനക്കിന്റെ അധികാരം ഏറ്റെടുക്കലിനോട് പ്രതികരിച്ച് യുണൈറ്റഡ് സ്‌റ്റേറ്റ്സ് പ്രസിഡന്റ് ജോ ബൈഡൻ. ഇത് വളരെ അമ്പരപ്പിക്കുന്നതും, തകർപ്പൻ നാഴികക്കല്ലുമാണെന്ന് ബൈഡൻ പറഞ്ഞു. “നാളെ അദ്ദേഹം (ഋഷി സുനക്) രാജാവിനെ കാണാൻ പോകും എന്നാണ് ഞാൻ കരുതുന്നത്. വളരെ അമ്പരപ്പിക്കുന്നതാണ് ഈ നേട്ടം. ഒരു തകർപ്പൻ നാഴികക്കല്ലാണിത്” കുടിയേറ്റ ഇന്ത്യൻ സമൂഹത്തിന്റെ നേട്ടങ്ങളെ അംഗീകരിച്ചുകൊണ്ട് ബൈഡൻ പറഞ്ഞു.

ഇരുട്ടിനെ അകറ്റാനും ലോകത്തിലേക്ക് വെളിച്ചം കൊണ്ടുവരാനും ആളുകൾക്ക് ശക്തിയുണ്ടെന്ന് ദീപാവലി ആഘോഷത്തിനിടെ വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ ബൈഡൻ പറഞ്ഞു. നേരത്തെ ഇന്ത്യൻ വംശജയായ കമലാ ഹാരിസിനെ അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിയമിച്ച് ബൈഡൻ ചരിത്രം സൃഷ്‌ടിച്ചിരുന്നു. അമേരിക്കയുടെ വൈസ് പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യൻ വംശജ കൂടിയായിരുന്നു കമല ഹാരിസ്.

തന്റെ സർക്കാരിൽ എന്നത്തേക്കാളും കൂടുതൽ ഏഷ്യൻ അമേരിക്കക്കാർ ഉണ്ടെന്നും അവരുടെ സംഭാവനകൾക്ക് സമൂഹത്തോട് നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. “ഇതൊരു ലളിതമായ സന്ദേശമാണ്. നന്ദി, നന്ദി, നന്ദി, നന്ദി, നന്ദി,” ബൈഡൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു. അതേസമയം, പെന്നി മോർഡൗണ്ട് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് ഒഴിവായതിന് പിന്നാലെയാണ് ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി ഏറ്റെടുക്കാൻ ഒരുങ്ങുന്നത്.