പാലക്കാട്: നെന്മാറയില്‍ കിടപ്പുരോഗിയായ മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ ജീവനൊടുക്കി. നടക്കാവ് സ്വദേശി ബാലകൃഷ്ണനാണ് മകന്‍ മുകുന്ദനെ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. കടുത്ത പ്രമേഹ രോഗിയായ മകനെ നോക്കാനുള്ള ബുദ്ധിമുട്ടുന്നതായി ഇയാള്‍ അയല്‍വാസികളോട് പറഞ്ഞിരുന്നു. മുകുന്ദന്റെ കാലിലും മറ്റും വൃണങ്ങളുണ്ടായിരുന്നു. 65-കാരനായ ബാലകൃഷ്ണന്റെ ഭാര്യ നേരത്തെ തന്നെ മരിച്ചതാണ്. 

ഇന്ന് രാവിലെ ഇവരുടെ വീടിന് പുറത്ത് ആരെയും കാണാതിരുന്നതോടെ ബന്ധുക്കള്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. മുകുന്ദനെ വെട്ടിയ ബാലകൃഷ്ണന്‍ മരണം ഉറപ്പാക്കിയ ശേഷം തൂങ്ങി മരിച്ചെന്നാണ് വിവരം.