കൊച്ചി: മാങ്ങ മോഷണത്തിനു പിന്നാലെ സ്വർണ്ണ കവർച്ചയിലും പൊലീസ് സാന്നിദ്ധ്യം. സ്വന്തം സുഹൃത്തിൻ്റെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച പൊലീസുകാരനാണ് അറസ്റ്റിലായത്. കൊച്ചി സിറ്റി എ ആർ ക്യാമ്പിലെ അമൽ ദേവ് ആണ് അറസ്റ്റിലായത്. എറണാകുളം ഞാറയ്ക്കൽ സ്വദേശി നടേശൻ്റെന്റെ ഭാര്യയുടെ പത്ത് പവൻ സ്വർണമാണ് പൊലീസുകാരൻ കവർന്നത്. പ്രതിയായ പൊലീസുകാരൻ കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. 

സംസ്ഥാനത്ത് ചർച്ചയായ പൊലീസ് ഉദ്യോഗസ്ഥൻ്റെ മാങ്ങ മോഷണത്തിന് പിന്നാലെയാണ് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ സ്വർണ്ണ മോഷണത്തിലും പ്രതിയാകുന്നത്. കോട്ടയത്ത് മൊത്തവ്യാപാര കടയിൽ നിന്ന് പൊലീസുകാരൻ മാങ്ങ മോഷ്ടിച്ച കേസ് കഴിഞ്ഞ ദിവസം ഒത്തുതീർപ്പാക്കിയിരുന്നു. ഇടുക്കി എആർ ക്യാമ്പിലെ സിപിഒ പി വി ഷിഹാബാണ് ഡ്യൂട്ടി കഴിഞ്ഞു മടങ്ങുന്ന വഴി വഴിവക്കിൽ വിൽക്കാൻ വച്ചിരുന്ന മാങ്ങ മോഷ്ടിച്ചത്. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ സമുഹമാധ്യമങ്ങളിൽ വെെറലായിരുന്നു. ഇതിനു പിന്നാലെ സംഭവത്തിൽ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. 

അതേസമയം കേസ് ഒത്തു തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പരാതിക്കാരനായ കടയുടമ രംഗത്തെത്തുകയായിരുന്നു. മോഷണത്തിലൂടെ തനിക്കുണ്ടായ നഷ്ടം പ്രതി പരിഹരിച്ചെന്നും അതിനാൽ കേസ് മുന്നോട്ടുകൊണ്ടുപോകാതെ ഒത്തുതീർക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടാണ് കടയുടമ കാ‍ഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹർജി നൽകിയത്.  അപേക്ഷ കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു.