ന്യൂഡല്‍ഹി: ഐഎസ്ഐഎസിന്റ പ്രദേശിക യൂണിറ്റായ വോയ്സ് ഓഫ് ഹിന്ദ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശില്‍ എന്‍ഐഎ നടത്തിയ പരിശോധനയിലാണ് ഭീകരനെ പിടികൂടിയത്. വാരണാസി സ്വദേശിയായ ഇരുപത്തിനാലുകാരന്‍ ബാസിത് കലാം സിദ്ദിഖി ആണ് അറസ്റ്റിലായത്. രാജ്യത്ത് കലാപമുണ്ടാക്കി അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ഇന്ത്യന്‍ യുവാക്കളെ റിക്രൂട്ട് ചെയ്തതിനാണ് അറസ്റ്റ്. വാരണാസിയിലും ഡല്‍ഹിയിലുമായാണ് റെയ്ഡ് നടന്നത്. 

”നിരോധിത ഭീകര സംഘടനയായ ഐഎസ്ഐഎസ് ഇന്ത്യയ്ക്കെതിരെ അക്രമാസക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി യുവാക്കളെ റിക്രൂട്ട് ചെയ്തതിനും ഗൂഢാലോചന നടത്തിയതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമ പ്രകാരം എന്‍ഐഎ സ്വമേധയാ കേസെടുത്തു.”- എന്‍ഐഎ പ്രസ്താവനയില്‍ പറഞ്ഞു.

എന്‍ഐഎ ‘വോയ്സ് ഓഫ് ഹിന്ദ്’ മൊഡ്യൂള്‍ തകര്‍ത്ത് ഐഎസ്ജെകെയുടെ അമീര്‍ എന്ന് വിളിക്കപ്പെടുന്ന ഉമര്‍ നിസാര്‍ @ ഖാസിം ഖുറസാനി ഉള്‍പ്പെടെ 6 പ്രതികളെ ഒരു പരിഷ്‌ക്കരിച്ച തന്ത്രത്തിന് കീഴില്‍ അറസ്റ്റ് ചെയ്തതിന് ശേഷം, ഓണ്‍ലൈന്‍ പ്രചരണം ശക്തമായി മുന്നോട്ട് പോകുകയാണെന്ന് അതില്‍ പറയുന്നു. ഒരു പുതിയ ഓണ്‍ലൈന്‍ മാഗസിന്‍ ‘വോയ്‌സ് ഓഫ് ഖൊറാസാന്‍’.

ബാസിത് കലാം ഐഎസ് ഓപ്പറേഷണല്‍ ഹാന്‍ഡ്ലര്‍മാരുമായി സജീവമായ ബന്ധത്തിലായിരുന്നുവെന്നും ‘വോയ്സ് ഓഫ് ഖുറാസാന്‍’ എന്ന മാസികയിലൂടെ ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിച്ചെന്നും എന്‍ഐഎ പ്രസ്താവനയില്‍ പറഞ്ഞു. സ്‌ഫോടക വസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ച് അറിവ് നേടിയ വ്യക്തിയാണ് ബാസിത് കലാം എന്ന് എന്‍ഐഎ പറയുന്നു. ഐഇഡി, സ്‌ഫോടക വസ്തുക്കള്‍, മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, പെന്‍ഡ്രൈവ് എന്നിവയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വസ്തുക്കളും ഇയാളില്‍ നിന്നും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ഐഎസിന്റെ ഉന്നത പ്രവര്‍ത്തകരുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതായും ഐഎസിന്റെ മാസികയായ വോയ്സ് ഓഫ് ഖുറാസനു വേണ്ടി ഇയാള്‍ ഉള്ളടക്കം സൃഷ്ടിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അഫ്ഗാനിസ്ഥാനിലുള്ള പ്രവര്‍ത്തകര്‍ക്കായി മാരകായുധങ്ങളും ഐഇഡികളും നിര്‍മ്മിച്ച് നല്‍കുകയും ചെയ്തു. ടെലഗ്രാം ഗ്രൂപ്പ് വഴിയാണ് ഇതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നത്. 

ഈ കേസില്‍ ആറ് പ്രതികള്‍ക്കെതിരെ എന്‍ഐഎ നേരത്തെ ഒരു പ്രധാന കുറ്റപത്രവും ഒരു അനുബന്ധ കുറ്റപത്രവും ഡല്‍ഹി എന്‍ഐഎ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.