മുക്കൂട്ടുതറ: എ​രു​മേ​ലി​ക്ക് സ​മീ​പം മു​ക്കൂ​ട്ടു​ത്ത​റ​യി​ൽ നി​ന്നും ജസ്ന മ​രി​യ ജ​യിം​സിനെ കാണാതായിട്ട് വർഷം നാലുകഴിഞ്ഞു. ജെ​സ്ന തിരോധാനം ഇപ്പോഴും വലിയ ദുരൂഹതയാണ് ഉയർത്തുന്നത്. ക്രെെംബ്രാഞ്ചും സിബിഐയും ജസ്നയ കണ്ടെത്താൻ ശ്രമങ്ങൾ നടത്തിയെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിയിരുന്നില്ല. ഇതിനിടയിലാണ് ജസ്ന സിറിയയിലാണെന്ന് സി​ബി​ഐ ക​ണ്ടെ​ത്തി​യെ​ന്ന പ്ര​ചാ​ര​ണം എത്തുന്നത്. എന്നാൽ ഈ പ്രചാരണം വ്യാ​ജ​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച് സി​ബി​ഐ രംഗത്തെത്തിയിരുന്നു. അ​ത്ത​രം ക​ണ്ടെ​ത്ത​ലു​ക​ളൊ​ന്നും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നാണ് സി​ബി​ഐ വ്യ​ത്ത​ങ്ങ​ൾ വ്യക്തമാക്കിയത്. സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ഇലന്തൂർ ഇരട്ട നരബലി കേസ് പുറത്തുവന്നതിനു പിന്നാലെ ജസ്ന തിരോധാനത്തിന് ഇത്തരം സംഭവങ്ങളുമായി ബന്ധമുണ്ടോ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ഇപ്പോൾ പരിശോധിക്കുന്നത്. ജസ്‌നയുടെ തിരോധാനക്കേസിന്‌ ഇലന്തൂര്‍ കേസിലെ പ്രതികളുമായി ബന്ധമുണ്ടോയെന്നു സിബിഐ. പരിശോധിക്കാൻ തയ്യാറെടുക്കുന്നവെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 

ഇതുമായി ബന്ധപ്പെട്ട് സിബിഐ. സംഘം പ്രാഥമികാന്വേഷണം ആരംഭിച്ചുവെന്ന സൂചനകളും എത്തിക്കഴിഞ്ഞു. പോലീസ്‌ കസ്‌റ്റഡിയിലുള്ള ഇലന്തൂര്‍ കേസ്‌ പ്രതികളെ ചോദ്യംചെയ്യാന്‍ കോടതിയുടെ അനുമതി തേടാനാണ് സിബിഐ നീക്കം. മാത്രമല്ല ഇലന്തൂര്‍ നരബലിയുമായി ബന്ധപ്പെട്ടു കേരളാ പോലീസ്‌ അന്വേഷിക്കുന്ന തിരോധാനക്കേസുകളിലും സിബിഐ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സൂചനകളുണ്ട്. അന്ന് ജസ്‌നയുടെ തിരോധാനത്തിന് അന്തര്‍ സംസ്ഥാന ബന്ധമുണ്ടെന്നുള്ള സംശയമാണ് സിബിഐയെ ഈ കേസിലേക്ക് എത്തിച്ചത്. സിബിഐയുടെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിന് സര്‍ക്കാര്‍ സൗകര്യം ഒരുക്കണമെന്നും കേസ് ഡയറി സിബിഐക്ക് കൈമാറണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ജസ്‌നയുടെ സഹോദരന്‍ ജെയ്‌സ് ജോണ്‍, കെഎസ്︋യു സംസ്ഥാന പ്രസിഡൻ്റ് അഭിജിത് എന്നിവരാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. ക്രൈം ബ്രാഞ്ച് അന്വേഷണത്തിലൂടെ ജസ്‌നയെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷ ഇല്ലെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു കേസ് അന്വേഷണം സിബിഐയെ ഏൽപ്പിച്ചത്. 

അതേസമയം, ജസ്‌ന അപരിചിതരുമായി ബന്ധം സൂക്ഷിക്കുന്ന വ്യക്‌തിയല്ലെന്നുള്ള നിഗമനത്തിലായിരുന്നു സിബിഐ ഇത്രയും നാൾ.  ഉണ്ടായിരുന്നത്. ജസ്‌ന കേസിൻ്റെ നാള്‍വഴികള്‍ പരിശോധിച്ചതിൻ്റെ അടിസ്‌ഥാനത്തിലായിരുന്നു സിബിഐ ഈ നിഗമനത്തിലെത്തിയിരുന്നത്. എന്നാൽ പ്രമാദമായ ഈ കേസിൽ സാധ്യതകളൊന്നും തള്ളിക്കളയാന്‍ സിബിഐ ഒരുക്കമല്ലെന്നാണ് പുറത്തു വരുന്ന വിവരം. പെൺകുട്ടിയുടെ തിരോധാന കേസ് വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും യാതൊരുവിധ തുമ്പും ഇല്ലാതെ അവശേഷിക്കുന്ന സാഹചര്യത്തിലാണ് സിബിഐ നീക്കം. അതുകൊണ്ടാണ് ഇലന്തൂര്‍ കേസ്‌ പ്രതികള്‍ക്ക്‌ ഈ കേസില്‍ ബന്ധമുണ്ടോയെന്നു പരിശോധിക്കുന്നത്‌. ഇലന്തൂർ നരബലി കേസിൽ രണ്ടാമത്തെ ഇരയായ പത്മ കൊല്ലപ്പെട്ട് ദിവസങ്ങൾക്കുശേഷം പത്മയുടെ സഹോദരി നൽകിയ കേസിലാണ് അന്വേഷണം നടന്നതും പ്രതികൾ പിടിയിലായതും. അതേസമയം ആദ്യം കൊല്ലപ്പെട്ട റോസ്︋ലിയുടെ കേസിൽ ആരും പരാതി നൽകുവാൻ ഉണ്ടായിരുന്നില്ല. പത്മയെ കാണാനില്ല എന്ന പരാതിയിൽ അന്വേഷണം നടന്ന ശേഷമാണ് റോസ്︋ലി കൊല്ലപ്പെട്ട വിവരവും പുറംലോകമറിയുന്നത്. ഇതെല്ലാം കണക്കുകൂട്ടിയാണ് ജസ്ന തിരോധാനക്കേസിൽ സിബിഐ പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. 

2018 മാര്‍ച്ച് 22നാണ് മുക്കൂട്ടുതറയില്‍ നിന്നും കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമനിക് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ജസ്നയെ കാണാതായത്. പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ പെണ്‍കുട്ടിയെ പിന്നെ ആരും കണ്ടിട്ടില്ല. പല ഘട്ടങ്ങളിലായി പല നാടുകളിലായി അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും പെണ്‍കുട്ടിയെ കുറിച്ചു മാത്രം ഒരു അറിവും ലഭിച്ചിട്ടില്ല. കോളേജിൽ സ്റ്റഡി ലീവായതിനാല്‍ ആൻ്റിയുടെ വീട്ടില്‍ പഠിക്കാന്‍ പോവുകയാണെന്ന് പറഞ്ഞാണ് ജെസ്ന വീട്ടില്‍ നിന്നിറങ്ങിയത്. അതിനുശേഷമാണ് കാണാതായത്. ജസ്ന ഓട്ടോയില്‍ മുക്കുട്ടുത്തറയിലും ബസില്‍ എരുമേലിയിലും എത്തിയതായി വിവരമുണ്ട്. എന്നാല്‍ പിന്നീട് ജെസ്നയ്ക്ക് എന്തുസംഭവിച്ചുവെന്നുള്ള കാര്യമാണ് ചോദ്യചിഹ്നമായി നിൽക്കുന്നത്. ആദ്യ ഘട്ടങ്ങളിൽ വളരെ ഊർജ്ജിതമായാണ് പൊലീസ് സംഘം കേസ് അന്വേഷിച്ചത്. കോട്ടയം, ഇടുക്കി പത്തനംതിട്ട തിരുവനന്തപുരം വയനാട് എന്നിവിടങ്ങളിലൊക്കെ അന്വേഷണം നടത്തി. ഇതിനിടെ ഗോവയിലും ബെംഗളൂരുവിലും ജസ്നയെ കണ്ടതായി വിവരം ലഭിച്ചിരുന്നു. വിവരം ലഭിച്ചപ്പോൾത്തന്നെ പൊലീസ് അവിടെയെത്തി അന്വേഷണം നടത്തിയിരുന്നു. എന്നാൽ ജസ്ന അപ്പോഴും കാണാമറയത്ത് തുടരുകയായിരുന്നു. 

ഇതിനിടെ ജസ്ന ഉപയോഗിച്ച ഫോണ്‍ ജസ്നയുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. താന്‍ മരിക്കാന്‍ പോവുന്നു എന്ന അവസാന സന്ദേശമാണ് ഫോണില്‍ നിന്ന് കണ്ടെടുത്തത്. ആ സന്ദേശം ലഭിച്ച ജസ്നയുടെ ആണ്‍സുഹൃത്തിനെ കുറിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ജസ്ന തിരോധാനത്തിൽ അന്വേഷണവും ദുരൂഹതയും തുടരുന്നതിനിടയിലാണ് ജസ്ന ബസ്സ് കയറി എന്ന് പറയപ്പെടുന്ന ബസ്റ്റോപ്പിനടത്തുള്ള ഷോപ്പിലെ  സിസിടിവിയില്‍ നിന്ന് ജസ്നയുടേതായ ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തത്. ഇതുവരെ ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് അന്വേഷണം നടത്തിയിരുന്നതും സിബിഐ കേസ് അന്വേഷണം നടത്തുന്നതും.