കൊച്ചി: കൊച്ചിയില്‍ ഐഎസ്എല്‍ മത്സരത്തിനിടെ വനിതാ പൊലീസിനെ കയറിപ്പിടിച്ച യുവാവ് അറസ്റ്റില്‍. കോട്ടയം കഞ്ഞിക്കുഴി സ്വദേശി അരുണ്‍ എം തോമസാണ് പിടിയിലായത്. കേരള ബ്ലാസ്റ്റേഴ്സ് -എടികെ മോഹന്‍ ബഗാന്‍ മത്സരത്തിന്റെ ഇടവേളയിലാണ് സംഭവം. യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. യുവാവ് അപമര്യാദയായി പെരുമാറിയതോടെ ഉദ്യോഗസ്ഥ ഇത് ചോദ്യം ചെയ്തു. തുടര്‍ന്ന് ഇയാള്‍ പൊലീസുകാരിയുടെ കൈ വളച്ചൊടിക്കാന്‍ ശ്രമിച്ചു. പിന്നാലെ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഡ്യൂട്ടിക്കുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥന്‍ പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാളെ പാലാരിവട്ടം സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.