ന്യൂഡല്‍ഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) വെള്ളിയാഴ്‌ച ഡൽഹിയിലെ 25 ഇടങ്ങളിൽ റെയ്‌ഡ്‌ നടത്തി. കഴിഞ്ഞയാഴ്‌ച ഡൽഹി-എൻസിആർ, പഞ്ചാബ്, ഹൈദരാബാദ് എന്നിവിടങ്ങളിലായി 35 സ്ഥലങ്ങളിൽ അന്വേഷണ ഏജൻസി റെയ്‌ഡ്‌ നടത്തിയതിന് പിന്നാലെയാണിത്. ഈ കേസിൽ ഇതുവരെ ഇഡി 120ലധികം റെയ്‌ഡുകൾ നടത്തിയിട്ടുണ്ട്. കേസിൽ പ്രമുഖ മദ്യ വ്യവസായിയും, മദ്യനിർമ്മാണ കമ്പനിയായ ഇൻഡോസ്‌പിരിറ്റിന്റെ മാനേജിംഗ് ഡയറക്‌ടറുമായ സമീർ മഹന്ദ്രുവിനെയും കഴിഞ്ഞ മാസം അറസ്‌റ്റ് ചെയ്‌തിരുന്നു.

ഡൽഹി മദ്യനയ കുംഭകോണം:

2021-22ലെ ഡൽഹിയുടെ എക്‌സൈസ് നയം നടപ്പാക്കിയതിലെ ക്രമക്കേടുകളെ കുറിച്ച് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്‌തതിനെ തുടർന്നാണ് കേസ് പുറംലോകം അറിഞ്ഞത്. സംഭവത്തിൽ 11 എക്സൈസ് ഉദ്യോഗസ്ഥരെ ലെഫ്റ്റനന്റ് ഗവർണർ സസ്പെൻഡ് ചെയ്യുകയും ചെയ്‌തിരുന്നു.

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ഡൽഹി സർക്കാർ ഉദ്യോഗസ്ഥരെയും പ്രതികളാക്കിയ എഫ്‌ഐആറിൽ നിന്നാണ് മദ്യനയത്തിലെ കള്ളപ്പണം വെളുപ്പിക്കൽ കേസ് ഉണ്ടായത്. മദ്യനയം വിൽപ്പനക്കാരെ സഹായിച്ചിട്ടുണ്ടോയെന്ന് സിബിഐയും അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ വർഷം നവംബർ 17 മുതൽ നടപ്പാക്കിയ ഡൽഹി എക്‌സൈസ് നയം സിബിഐ അന്വേഷണത്തെ തുടർന്ന് ഈ വർഷം ജൂലൈയിൽ അരവിന്ദ് കെജ്‌രിവാൾ സർക്കാർ റദ്ദാക്കിയിരുന്നു. 

എന്നാൽ  ചില്ലറ വ്യാപാരികൾക്ക് വലിയ കിഴിവുകൾ നൽകാൻ അനുവദിക്കുന്ന ഈ നയത്തിൽ അഴിമതിയുണ്ടെന്ന് ബിജെപി ആരോപിക്കുന്നു. എന്നാൽ അഴിമതി തടയുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ബിജെപി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും ആം ആദ്‌മി പാർട്ടി കേസിൽ നിലപാട് വ്യക്തമാക്കിയിരുന്നു.