ഭാരത് ജോഡോ യാത്രക്കിടെ ത്രിവര്‍ണ്ണ പതാക വീശാന്‍ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിനയിക്കുന്ന ഭാരത് ജോഡോ യാത്ര ഇപ്പോള്‍ കര്‍ണാടകയിലാണുളളത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ട്വിറ്റര്‍ ഹാന്‍ഡിലാണ് ഈ വീഡിയോ പങ്കിട്ടത്. വീഡിയോയില്‍, രാഹുല്‍ ഗാന്ധി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിനും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കുമൊപ്പം വാട്ടര്‍ ടാങ്കിന് മുകളില്‍ കയറുന്നത് കാണാം. വാട്ടര്‍ ടാങ്കിനു മുകളില്‍ നിന്ന് ത്രിവര്‍ണപതാക വീശി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. 

‘ത്രിവര്‍ണ്ണ പതാക നമ്മെ എല്ലാവരെയും ഒന്നിപ്പിക്കുന്നു. ഭാരത് ജോഡോ യാത്ര ത്രിവര്‍ണ്ണ പതാകയുടെ യഥാര്‍ത്ഥ സത്ത ഉള്‍ക്കൊള്ളുന്നു,’ കോണ്‍ഗ്രസ് ട്വിറ്റര്‍ പോസ്റ്റില്‍ പറഞ്ഞു.

കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 3,570 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഭാരത് ജോഡോ യാത്ര അടുത്തിടെ ഒരു മാസം പൂര്‍ത്തിയാക്കിയിരുന്നു. സെപ്റ്റംബര്‍ 30-നാണ് യാത്ര കര്‍ണാടകയില്‍ പ്രവേശിച്ചത്. ഒക്ടോബര്‍ 20-ന് യാത്ര അടുത്ത സംസ്ഥാനത്തേക്ക് പുറപ്പെടും. സ്വയം നവീകരണത്തിനുള്ള ഒരു അവസരമായാണ് കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്രയെ വീക്ഷിക്കുന്നത്.യാത്രയുടെ അവസാനത്തോടെ ശക്തമായ സാന്നിധ്യം കേന്ദ്രത്തില്‍ ഉണ്ടാക്കാനാകുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.