പത്തനംതിട്ട: മലയാലപ്പുഴയിലെ വാസന്തി മഠത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മന്ത്ര വാദം നടത്തിയ മന്ത്രവാദിനി പൊലീസ് കസ്റ്റഡിയിൽ. മന്ത്രവാദിനിയെയും ഭർത്താവിനെയുമാണ് കസ്റ്റഡിയിലെടുത്തത്. വീട് പോലീസ് പൂട്ടി സീൽ ചെയ്തു. നാട്ടുകാരുടെയും യുവജന സംഘടനകളുടെയും പ്രതിഷേധത്തെ തുടർന്നാണ് പൊലീസ് എത്തിയത്.

പ്രതിഷേധക്കാർ വീടിന് പുറത്ത് ഇപ്പോഴും ഉണ്ട്. ചോദ്യം ചെയ്യലിന് ശേഷമാകും ഏതെല്ലാം വകുപ്പുകൾ ചുമതണമെന്ന് തീരുമാനിക്കുകയെന്ന് പൊലീസ് അറിയിച്ചു.സ്ഥാപനം പൂട്ടുന്നത് വരെ നിരന്തരം സമരം ഉണ്ടാകുമെന്ന് ഡി.വൈ.എഫ്.ഐ അറിയിച്ചു. പ്രതിഷേധവുമായി വിവിധ യുവജന സംഘടനകൾ ഇപ്പോഴും വീടിന് പുറത്തുണ്ട്. ഡി.വൈ.എഫ്.ഐ ,യൂത്ത് കോൺഗ്രസ് ,ബിജെപി പാർട്ടികളുടെ യുവജനസംഘടനകളാണ് പ്രതിഷേധവുമായി ആദ്യം വാസന്തി മഠത്തിൽ എത്തിയത്.

ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം മന്ത്രവാദത്തെ പറ്റി അന്വേഷിക്കും. മന്ത്രവാദത്തിനിടെ കുട്ടി ബോധരഹിതനായി വീഴുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇവരെ എതിർക്കുന്ന നാട്ടുകാരെയൊക്കെ ഭീഷണിപ്പെടുത്തുകയും വീടിനുമുൻപിൽ പൂവ് ഇടുകയും ചെയ്യുകയാണ്. കൂടാതെ നാല്പത്തിയൊന്നാം ദിവസം മരിച്ചുപോകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും നാട്ടുകാർ പറഞ്ഞു. മാത്രമല്ല നാട്ടുകാരെ ഭീഷണിപ്പെടുത്താൻ ഗുണ്ടകളെ ഉപയോഗിക്കുകയും ചെയ്യുന്നു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടും അന്വേഷണത്തിന് വരുമ്പോൾ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയാണെന്ന് നാട്ടുകാർ പറഞ്ഞു. അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോൾ വാസന്തി ശാപവാക്കുകൾ പറഞ്ഞാണ് പോലീസിനൊപ്പം പോയത്.