അടുത്തകാലത്ത് ഏറെ ചർച്ചയായ മൂൺലൈറ്റിങ്ങിൽ നിലപാട് വ്യക്തമാക്കാതെ വിപ്രോ. നേരത്തെ വിപ്രോ മേധാവി റിഷാദ് പ്രേംജി ജീവനക്കാർ സെക്കണ്ടറി ജോലികളെടുക്കുന്നതിനോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇന്ത്യൻ ഐടി ഭീമൻ തങ്ങളുടെ 300 ജീവനക്കാരെ മൂൺലൈറ്റിങ്ങിന്റെ പേരിൽ പിരിച്ചുവിട്ടതിന് പിന്നാലെയായിരുന്നു ഇത്. രഹസ്യമായി മറ്റ് കമ്പനികളിൽ ജോലി ഏറ്റെടുത്ത തൊഴിലാളികളെയാണ് അന്ന് പിരിച്ചു വിട്ടത്.  

എന്നാൽ റിഷാദ് പ്രേംജിയുടെ നിലപാടിന് വിരുദ്ധമായി വിപ്രോ ചീഫ് എക്‌സിക്യൂട്ടീവ് തിയറി ഡെലാപോർട്ടെ രണ്ടാമത്തെ ജോലി ഏറ്റെടുക്കുന്ന രീതിയെ പൂർണമായും എതിർക്കാതെയാണ് പ്രതികരണം അറിയിച്ചിട്ടുള്ളത്. മറ്റ് കമ്പനികളിൽ “സൈഡ് ജോബ്” ഏറ്റെടുക്കുക എന്ന ആശയത്തെ അദ്ദേഹം അനുകൂലിച്ചെങ്കിലും, മാർക്കറ്റിൽ തങ്ങളുടെ എതിരാളികളായിട്ടുള്ള കമ്പനികളിൽ ഇത്തരം പാർട്ട് ടൈം ജോലികൾക്ക് കയറുന്നത് ധാർമികതയ്ക്ക് യോജിച്ചതല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

“ഞങ്ങളുടെ കരാറുകൾ എതിരാളിയുമായി ചേർന്നുള്ള സൈഡ് ജോബ് എടുക്കരുതെന്ന് വ്യവസ്ഥ ചെയ്യുന്നു. ഇത് നിയമപരമായ പ്രശ്നമല്ല; ധാർമ്മികതയുടെ ചോദ്യമാണ്, ഞാൻ നിയമവിരുദ്ധമായ കാര്യങ്ങളെക്കുറിച്ചല്ല സംസാരിക്കുന്നത് ഞങ്ങളുടെ ജീവനക്കാർ ഇത് മനസ്സിലാക്കുമെന്നാണ് കരുതുന്നത്” തിയറി ഡെലാപോർട്ടെ തന്റെ നിലപാട് വ്യക്തമാക്കി.

അതേസമയം, ഓഫീസ് സമയത്തിന് ശേഷം ജീവനക്കാർ രണ്ടാമത്തെ ജോലി ഏറ്റെടുക്കുന്നതിൽ തടസമില്ലെന്ന് ടെക് മഹീന്ദ്ര ഉൾപ്പെടെയുള്ള ചില ഐടി കമ്പനികൾ നിലപാട് എടുത്തിരുന്നു. എന്നാൽ ഇത്തരം ജോലികൾ ഏറ്റെടുക്കുന്ന ജീവനക്കാർ ഇതിനെക്കുറിച്ച് കമ്പനിയെ മുൻകൂട്ടി അറിയിക്കണമെന്നാണ് ടെക് മഹിന്ദ്ര അറിയിച്ചത്. 

എന്നാൽ വിപ്രോ, ഇൻഫോസിസ്, ഐബിഎം, തുടങ്ങിയ ഐടി സ്ഥാപനങ്ങൾ ഈ വിഷയത്തിൽ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു. ഒരുപടി കൂടി കടന്ന് വിപ്രോ സെപ്റ്റംബറിൽ സെക്കണ്ടറി ജോലികളിൽ ഏർപ്പെട്ടിരുന്ന 300 ജീവനക്കാരെ പിരിച്ചു വിടുകയും ചെയ്‌തിരുന്നു. ഒരു കമ്പനിയിൽ ജോലി ചെയ്യവേ മറ്റൊരിടത്ത് പാർട്ട് ടൈം ആയി ജോലി ചെയ്യുന്ന സംവിധാനത്തെയാണ് ഐടി മേഖലയിൽ മൂൺലൈറ്റിങ് എന്നറിയപ്പെടുന്നത്.