പശ്ചിമ ബംഗാള്‍ അധ്യാപക അഴിമതിയുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ്
(ടിഎംസി)  എംഎല്‍എ മണിക് ഭട്ടാചാര്യയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച അന്വേഷണ ഏജന്‍സി എംഎല്‍എയെ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു ഇതിനു ശേഷമാണ് അറസ്റ്റ് ചെയ്തത്.

പശ്ചിമ ബംഗാള്‍ ബോര്‍ഡ് ഓഫ് പ്രൈമറി വിദ്യാഭ്യാസത്തിന്റെ മുന്‍ പ്രസിഡന്റായിരുന്നു മണിക് ഭട്ടാചാര്യ. അദ്ദേഹത്തിന്റെ കാലത്താണ് അധ്യാപക നിയമന അഴിമതി നടന്നതെന്ന് ഇഡി വൃത്തങ്ങള്‍ പറയുന്നു. കൊല്‍ക്കത്ത ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എംഎല്‍എയുടെ പേര് പരാമര്‍ശിച്ചിരിക്കുന്നത്. കോടതി ഉത്തരവിനെത്തുടര്‍ന്ന് ഭട്ടാചാര്യയെ വിദ്യാഭ്യാസ ബോര്‍ഡ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി.

റിട്ടയേര്‍ഡ് ജസ്റ്റിസ് രഞ്ജിത് കുമാര്‍ ബാഗിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ സ്വതന്ത്ര അന്വേഷണ സമിതിയായ കമ്മിറ്റിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പശ്ചിമ ബംഗാളിലെ അധ്യാപക നിയമന അഴിമതി അന്വേഷിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതിയാണ് ഈ സംഘത്തെ രൂപീകരിച്ചത്. കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി അറസ്റ്റിലായതിന് പിന്നാലെയാണ് മണിക് ഭട്ടാചാര്യയെ ഇഡി ആദ്യം വിളിപ്പിച്ചത്. ഭട്ടാചാര്യയുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ നിയമന അഴിമതിയുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ ഇഡി കണ്ടെടുത്തിരുന്നു.