ഖഞ്ചറാബ്: ഗ്രാമ-നഗര വ്യത്യാസമില്ലാതെ എടിഎം മെഷീനുകള്‍ സാര്‍വത്രികമായിക്കഴിഞ്ഞു. നാട്ടിലെ പ്രധാന കവലകളിലെല്ലാം എടിഎമ്മുകള്‍ കാണാം. പണമിടപാടുകള്‍ക്ക് ഏറെ സഹായകരമാണ് എന്നുള്ളതാണ് എടിഎമ്മുകളുടെ ആവശ്യകതയെ ഇത്രമേല്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. മഞ്ഞുപെയ്യുന്ന മലമുകളില്‍ മേഘങ്ങളോട് സല്ലപിച്ച് ഒരു എടിഎം സ്ഥിതിചെയ്യുന്നുണ്ടെന്നു പറഞ്ഞാല്‍ ഒരുപക്ഷെ നിങ്ങള്‍ക്ക് വിശ്വാസം വരികയില്ല. എന്നാല്‍, സംഗതി സത്യമാണ് കേട്ടോ. മേഘങ്ങളെ വകഞ്ഞുമാറ്റി വേണം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എ.ടി.എമ്മിലേക്ക് എത്താന്‍. 

ഇത്രയും ഉയരത്തില്‍ വൈദ്യുതിയില്ലാതെ ഈ എടിഎം എങ്ങനെ പ്രവര്‍ത്തിക്കുമെന്ന ചോദ്യമാണ് ജനങ്ങളുടെ മനസ്സില്‍ ഉയരുന്നത്. കൂടാതെ, ഈ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ആളുകള്‍ക്ക് ഇത്ര താല്‍പ്പര്യം എന്തുകൊണ്ടാണെന്നും സംശയം തോന്നിയേക്കാം. 

മഞ്ഞുമലകളിലാണ് ഈ എടിഎം സ്ഥിതി ചെയ്യുന്നത്

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ ക്യാഷ് മെഷീന്‍ (എടിഎം) ചൈനയ്ക്കും പാകിസ്ഥാനും ഇടയിലുള്ള ഖഞ്ചറാബ് ചുരത്തിന്റെ അതിര്‍ത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. രാജ്യത്തുനിന്നും വിദേശത്തുനിന്നും ധാരാളം വിനോദസഞ്ചാരികള്‍ പാക്കിസ്ഥാനിലെ മഞ്ഞുമൂടിയ ഈ മലനിരകളിലേക്ക് എത്തുന്നു. ഇതൊരു പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. ഇതിനാലാണ് നാഷണല്‍ ബാങ്ക് ഓഫ് പാകിസ്ഥാന്‍ (എന്‍ബിപി) ഇവിടെ എടിഎം സ്ഥാപിക്കാന്‍ തീരുമാനിക്കുന്നത്. 2016 മുതല്‍ ഇവിടെ എടിഎം പ്രവര്‍ത്തിച്ചു വരുന്നു. വൈദ്യുതി ലഭ്യമല്ലാത്തതിനാല്‍ സൗരോര്‍ജ്ജത്തിന്റെയും കാറ്റിന്റെയും സഹായത്തോടെയാണ് മെഷിന്‍ പ്രവര്‍ത്തിക്കുന്നത്. 4693 മീറ്റര്‍ ഉയരത്തില്‍ നിര്‍മിച്ച ഈ എടിഎമ്മിന്റെ പേര് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടംപിടിച്ചിട്ടുണ്ട്.

അതിര്‍ത്തി പ്രദേശത്തിന് സമീപം താമസിക്കുന്ന പൗരന്മാരും അതിര്‍ത്തി സുരക്ഷാ സേനയും വിനോദസഞ്ചാരികളും എടിഎം മെഷീന്‍ ഉപയോഗിക്കുന്നു. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു ഘടകമായി ഈ എടിഎം മാറിയിട്ടുണ്ട്. ആകാശത്തു നിന്നും പണം പിന്‍വലിക്കുന്ന അനുഭവമാണ് ഉണ്ടാകുന്നതെന്ന് പല വിനോദസഞ്ചാരികളും അഭിപ്രായപ്പെടുന്നു. വിനോദസഞ്ചാരികള്‍ ഈ എടിഎം സന്ദര്‍ശിക്കുന്നതും ഇവിടെ നിന്ന് പണം പിന്‍വലിക്കുന്നതിന്റെ ചിത്രങ്ങള്‍ എടുക്കുന്നതും നിത്യകാഴ്ചയായി മാറിക്കഴിഞ്ഞെന്ന് അധികൃതര്‍ പറയുന്നു. 

എടിഎമ്മിന്റെ മേല്‍നോട്ടം വഹിക്കുന്ന ഒരു വനിതാ ഓഫീസര്‍ ബിബിസിയോട് പറഞ്ഞു- ‘പദ്ധതി പൂര്‍ത്തിയാക്കാന്‍ ഏകദേശം നാല് മാസമെടുത്തു. ഏറ്റവും അടുത്തുള്ള NBP ബാങ്ക് ഇവിടെ നിന്ന് 87 കിലോമീറ്റര്‍ അകലെയാണ്. മോശം കാലാവസ്ഥയും ദുഷ്‌കരമായ മലമ്പാതകളും മണ്ണിടിച്ചിലും നേരിടുന്നതിനാല്‍ ബാങ്കര്‍മാര്‍ പണം പിന്‍വലിക്കാന്‍ ഈ എടിഎമ്മിനെ ആശ്രയിക്കുന്നു. 15 ദിവസത്തിനുള്ളില്‍ ശരാശരി 40-50 ലക്ഷം രൂപയാണ് ഇവിടെ നിന്ന് പിന്‍വലിക്കുന്നത്.’